ഉള്ളി അരിഞ്ഞ് ഇനി കരയേണ്ട! 'കണ്ണീരണിയിക്കാത്ത' ഉള്ളി യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക്; 'സുനിയന്‍സ്' അടുത്ത ആഴ്ച മുതല്‍ വെയ്റ്റ്‌റോസില്‍; വില കേട്ടാല്‍ അരിയാതെ തന്നെ കണ്ണീര് വരും!

ഉള്ളി അരിഞ്ഞ് ഇനി കരയേണ്ട! 'കണ്ണീരണിയിക്കാത്ത' ഉള്ളി യുകെയിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വില്‍പ്പനയ്ക്ക്;  'സുനിയന്‍സ്' അടുത്ത ആഴ്ച മുതല്‍ വെയ്റ്റ്‌റോസില്‍; വില കേട്ടാല്‍ അരിയാതെ തന്നെ കണ്ണീര് വരും!

ഉള്ളി അരിയാന്‍ എല്ലാവര്‍ക്കും മടിയാണ്. കാരണം അത് അരിയുമ്പോള്‍ കണ്ണെരിയുന്നതും, കണ്ണീര് വരുന്നതും തന്നെ. എന്നാല്‍ ബ്രിട്ടനിലെ ജനങ്ങള്‍ക്ക് ഇനി ഇതിന്റെ പേരുംപറഞ്ഞ് ഉള്ളി അരിയുന്നതില്‍ നിന്നും തലയൂരാന്‍ കഴിയില്ല. കാരണം എന്തെന്നല്ലേ, കണ്ണെരിച്ചില്‍ സൃഷ്ടിക്കാത്ത ഉള്ളി ആദ്യമായി യുകെയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്നത് തന്നെ.


'സുനിയന്‍സ്' എന്നുപേരുള്ള ഈ വിഭാഗം ഉള്ളി വെയ്റ്റ്‌റോസില്‍ അടുത്ത ആഴ്ച വില്‍പ്പനയ്‌ക്കെത്തും. കണ്ണെരിയല്‍ ഇല്ലാത്ത ഈ ഉള്ളി 'ബ്രൗണ്‍ നിറത്തില്‍, മധുരതരമായാണ്' ലഭിക്കുക. 'ഒരു തുള്ളി കണ്ണീര് വേണ്ട' എന്ന ടാഗ്‌ലൈനോടെയാണ് 30 വര്‍ഷത്തെ ഗവേഷണഫലമായുള്ള ഈ ഉള്ളി വിപണിയിലെത്തുന്നത്.

ഉള്ളി അരിയുമ്പോള്‍ പുറത്തുവരുന്ന ആവിയാണ് കണ്ണുകളില്‍ അസ്വസ്ഥത ഉണര്‍ത്തുന്നത്. ബ്രിട്ടനില്‍ ഈ പ്രശ്‌നം ഒരു വലിയ വിഷയമാണ്. ഇതില്‍ നിന്നും രക്ഷ നേടാനായി ഉള്ളി അരിയുന്നതിന് മുന്‍പ് ഫ്രീസറില്‍ വെയ്ക്കുന്നതും, വെള്ളത്തില്‍ മുക്കിവെയ്ക്കുന്നതും ഉള്‍പ്പെടെയുള്ള വഴികള്‍ ആളുകള്‍ പരീക്ഷിക്കാറുണ്ട്. ചിലര്‍ നീന്താനുള്ള കണ്ണടകള്‍ വരെ ഉപയോഗിക്കും. വെയ്റ്റ്‌റോസിന്റെ തന്നെ സഹസ്ഥാപനമായ ജോണ്‍ ലൂയിസില്‍ 23 പൗണ്ടിന് ആന്റി ഫോഗ് ലെന്‍സുള്ള 'ഒനിയന്‍ ഗോഗിള്‍സ്' ലഭിക്കുന്നുണ്ട്.

എന്നാല്‍ സുനിയനുകള്‍ വിപണി പിടിക്കുന്നതോടെ ഇത്തരം ഷോര്‍ട്ട്കട്ടുകള്‍ ചരിത്രമായേക്കും. സെന്‍സിറ്റീവായ കണ്ണുകളുള്ളവര്‍ക്കും, കുട്ടികള്‍ക്കൊപ്പം പാചകം ചെയ്യുന്നവര്‍ക്കും ഇത് മികച്ചതാകുമെന്നാണ് വെയ്റ്റ്‌റോസിന്റെ പ്രതികരണം.

പുതിയ ഉള്ളിയുടെ മധുരം പല വിഭവങ്ങള്‍ക്കും കൃത്യമായ ചേരുവയായി മാറുമെന്നാണ് ഷെഫുമാരും കരുതുന്നത്. എന്നാല്‍ ഭക്ഷ്യവില ഉയരുന്ന ഘട്ടത്തില്‍ സുനിയനുകള്‍ വാങ്ങുമ്പോള്‍ തന്നെ കണ്ണീര് വരുമെന്ന് ഉറപ്പ്. സാധാരണ ഉള്ളിയേക്കാള്‍ വിലയേറിയ സുനിയനുകളുടെ 3 പാക്കിന് 1.50 പൗണ്ടാണ് വില. വെയ്റ്റ്‌റോസിന്റെ തന്നെ സ്വന്തം ബ്രാന്‍ഡ് ഉള്ളിക്ക് 14 പെന്‍സ് വീതമാണ് വില.
Other News in this category



4malayalees Recommends