കെഎസ്ആര്‍ടിസി ബസിടിച്ചത് അപകടമോ, ഡ്രൈവര്‍ നേരത്തെ നടന്ന വഴക്കിന്റെ പക തീര്‍ത്തതോ ?യാത്രക്കാരുടെ മൊഴിയെടുക്കും ; വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു

കെഎസ്ആര്‍ടിസി ബസിടിച്ചത് അപകടമോ, ഡ്രൈവര്‍ നേരത്തെ നടന്ന വഴക്കിന്റെ പക തീര്‍ത്തതോ ?യാത്രക്കാരുടെ മൊഴിയെടുക്കും ; വിശദമായ അന്വേഷണത്തിനൊരുങ്ങുന്നു
തൃശൂര്‍ പാലക്കാട് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ബന്ധുക്കള്‍ ഉന്നയിച്ച ആരോപണം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘം. സംഭവത്തില്‍ യുവാക്കളുടെ ബന്ധുക്കള്‍, സംഭവ ദിവസം ബസിലുണ്ടായിരുന്ന യാത്രക്കാര്‍ എന്നിവരുടെ വിശദമായ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. പാലക്കാട് എസ്പിയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോ?ഗിച്ചത്. ഡ്രൈവര്‍ക്കെതിരെ ചുമത്തിയത് ചെറിയ വകുപ്പുകള്‍ മാത്രമാണെന്നാണ് യുവാക്കളുടെ കുടുംബം പറയുന്നത്.

തിങ്കളാഴ്ച രാത്രിയാണ് ദേശീയപാതയില്‍ കുഴല്‍മന്ദത്തിന് സമീപത്ത് വെച്ച് കാവശേരി സ്വദേശി ആദര്‍ശ്, കാസര്‍കോട് സ്വദേശി സാബിത്ത് എന്നിവര്‍ കെഎസ്ആര്‍ടിസി ബസിടിച്ച് മരിച്ചത്. ബസ് ട്രാക്ക് മാറി ബൈക്കിനെ മറിച്ചിടുന്ന ദൃശ്യങ്ങള്‍ പിറകെയുണ്ടായിരുന്ന കാറിലെ ഡാഷ് ബോര്‍ഡ് കാമറയില്‍ പതിഞ്ഞിരുന്നു. നടന്നത് മനപ്പൂര്‍വമുള്ള കൊലപാതകമാണെന്നാണ് കൊല്ലപ്പെട്ട ആദര്‍ശിന്റെയും സബിത്തിന്റെയും കുടുംബം പറയുന്നത്. അപകടം നടക്കുന്നതിന് കുറച്ചു സമയങ്ങള്‍ക്ക് മുമ്പ് ആദര്‍ശും ബസ് ഡ്രൈവറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിന് ബസിലെ യാത്രക്കാര്‍ സാക്ഷികളാണ്. ഇതിന്റെ വൈരാഗ്യം മൂലം ഡ്രൈവര്‍ മനപ്പൂര്‍വം വണ്ടിയിടിച്ചതാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബം പറയുന്നത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് അഞ്ച് കിലോ മീറ്റര്‍ മുമ്പ് കെഎസ്ആര്‍ടിസി ഡ്രൈവറുമായി തര്‍ക്കമുണ്ടായതായിരുന്നു. അതേസമയം സംഭവത്തില്‍ ഡ്രൈവര്‍ അറസ്റ്റിലായിട്ടുണ്ട്. പീച്ചി പട്ടിക്കാട് സ്വദേശി സിഎല്‍ ഔസേപ്പ് ആണ് അറസ്റ്റിലായത്. ഈ മാസം ഏഴാം തിയതി കോയമ്പത്തൂരില്‍ നിന്നും വരുന്ന വഴി തൃശൂര്‍ പാലക്കാട് ദേശീയ പാതയില്‍ വെച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ അറസ്റ്റിലായ വടക്കാഞ്ചേരി ഓപ്പറേറ്റിംഗ് സെന്ററിലെ ഡ്രൈവറായ സിഎല്‍ ഔസേപ്പിനെ നേരത്തെ സിഎംഡി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അപകട ദൃശ്യം ബസിന് പിറകില്‍ സഞ്ചരിച്ച കാറിന്റെ ഡാഷ് ബോര്‍ഡില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചകിച്ചത്. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് രണ്ട് യുവാക്കളുടെ ദാരുണാന്ത്യത്തിന് പിന്നിലെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ട് പുറത്തുവന്നത്. എന്നാല്‍ പിന്നീട് അപകട ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസ് കെഎസ്ആര്‍ടിസി ഡ്രൈവറുടെ പങ്കിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ഡ്രൈവറുടെ വീഴ്ചയാണെന്നും ഡ്രൈവര്‍ വലത്തോട്ട് ബസ് വെട്ടിച്ചതുകൊണ്ട് മാത്രമാണ് അപകടമുണ്ടായതെന്നും കണ്ടെത്തുകയായിരുന്നു.


Other News in this category



4malayalees Recommends