എന്റെ മകന്‍ മരിച്ചിരുന്നുവെങ്കില്‍ മലയില്‍ വീണ്ടും ആളുകള്‍ കയറുമായിരുന്നോ?: ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ

എന്റെ മകന്‍ മരിച്ചിരുന്നുവെങ്കില്‍ മലയില്‍ വീണ്ടും ആളുകള്‍ കയറുമായിരുന്നോ?: ബാബുവിനെതിരെ കേസെടുക്കാമെന്ന് ഉമ്മ
മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കയറിയ ബാബുവിനെതിരെ കേസെടുക്കാമെന്ന് മാതാവ് റഷീദ. ബാബു ബുദ്ധിമോശം കാണിച്ചത് കൊണ്ട് കൂടുതല്‍ ആളുകള്‍ അത് അവസരമാക്കി എടുക്കുകയാണെന്നും റഷീദ പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് റഷീദ ഇക്കാര്യം പറഞ്ഞത്.

'എന്റെ മകന്‍ മരിച്ചിരുന്നെങ്കില്‍ ഇവര്‍ ഇങ്ങനെ കയറുമായിരുന്നോ. ഒരാള്‍ പോലും മലയിലേക്ക് കയറി നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്. ബാബുവിന് കേസില്‍ ഇളവ് നല്‍കിയത് അവസരമായി കാണരുത്. മകനെതിരെ കേസെടുക്കാം'റഷീദ പറഞ്ഞു.

ഇന്നലെയാണ് ബാബു കയറിയ ചെറാട് കൂര്‍മ്പാച്ചി മലയില്‍ വീണ്ടും ആളുകയറിയത്. മലയ്ക്ക് മുകളില്‍ നിന്ന് മൊബൈല്‍ ഫ്‌ലാഷുകള്‍ കണ്ടതായി നാട്ടുകാര്‍ പറഞ്ഞതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്. മലയില്‍ ബാബു കുടുങ്ങിയതിന് പിന്നാലെ അനുമതിയില്ലാതെ മലയില്‍ കയറരുതെന്ന് വനംവകുപ്പ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇതൊന്നും വകവെക്കാതെയായിരുന്നു മലയിലേക്കുള്ള പ്രവേശനം. മലയുടെ ഏറ്റവും മുകളില്‍ നിന്നാണ് ഫ്‌ളാഷ് കണ്ടത്.

തുടര്‍ന്ന് വനം വകുപ്പും ഫയര്‍ ഫേഴ്‌സും നടത്തിയ ശ്രമത്തില്‍ മലയില്‍ കയറിയ ആളെ കണ്ടെത്തി. ആനക്കല്ല് സ്വദേശിയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാധാകൃഷ്ണന്‍ (45) എന്നയാളെയാണ് വന മേഖലയില്‍ കണ്ടെത്തിയത്. ഇയാളെ രാത്രിയില്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ താഴെയെത്തിച്ച് ബേസ് ക്യാംപിലേക്ക് മാറ്റി.

Other News in this category



4malayalees Recommends