മാലാഖക്കുഞ്ഞ് അമല മോള്‍ക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാഞ്ജലി; സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു ; മൃത സംസ്‌കാര ശുശ്രൂഷകളെ തുടര്‍ന്ന് അലെര്‍ട്ടര്‍ സിമിത്തേരിയില്‍ അന്ത്യവിശ്രമം

മാലാഖക്കുഞ്ഞ് അമല മോള്‍ക്ക് യുകെ മലയാളികളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാഞ്ജലി; സമൂഹത്തിന്റെ നാനാതുറകളില്‍ പെട്ട നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു ; മൃത സംസ്‌കാര ശുശ്രൂഷകളെ തുടര്‍ന്ന് അലെര്‍ട്ടര്‍ സിമിത്തേരിയില്‍ അന്ത്യവിശ്രമം
ലിവര്‍പൂള്‍: യു കെ മലയാളി സമൂഹത്തിനെ പ്രത്യേകിച്ച് ലിവര്‍പൂളിലെ മലയാളികളെ കണ്ണീരിലാഴ്ത്തി കടന്നു പോയ കുഞ്ഞു മാലാഖ അമല മോള്‍ക്ക് ലിവര്‍പൂളില്‍ നാടിന്റെ നാനാഭാഗത്തു നിന്നും എത്തിച്ചേര്‍ന്ന നിരവധിയാളുകള്‍ ഉചിതമായ യാത്രയപ്പു നല്‍കി. ജീവിച്ചിരുന്ന വളരെക്കുറച്ചു നാളുകളില്‍ തന്നെ എല്ലാവര്‍ക്കും നല്ല ഓര്‍മ്മകള്‍ ബാക്കി വച്ച് ദൈവസന്നിലേക്ക് മുന്‍പേ പറന്നകന്ന അമല മോളുടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് സാക്ഷിയാവാനും അന്തിമോപചാരമര്‍പ്പിക്കുവാനും എത്തിയവര്‍ക്കെല്ലാം അമല മോള്‍ അത്രമാത്രം പ്രിയപ്പെട്ടവളായിരുന്നു. രോഗത്തിന്റെ കഠിനമായ വേദനകള്‍ക്കിടയിലും നിഷ്‌കളങ്കമായ ആ പുഞ്ചിരിയോടെ തന്നെ സമീപിച്ചവര്‍ക്കെല്ലാം സന്തോഷം പകര്‍ന്ന് നല്‍കി അവള്‍ കടന്നു പോയി. അമല മോളുടെ മധുരമേറിയ ഓര്‍മ്മകള്‍ പങ്കു വച്ചവര്‍ക്കെല്ലാം വളരെ ചെറിയ പ്രായത്തില്‍ തന്നെ ദൈവത്തെ അറിഞ്ഞ് പ്രാര്‍ത്ഥനയിലൂടെയുള്ള ഒരു ജീവിതമാണ് നയിച്ചതെന്ന് മനസിലാക്കുവാന്‍ സാധിച്ചു.


രാവിലെ പത്തുമണിക്ക് കുഞ്ഞ് ഓടിക്കളിച്ച ഭവനത്തില്‍ അവളുടെ ചലനമറ്റ ശരീരവും വഹിച്ചുള്ള ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന്റെ വാഹനം എത്തിയപ്പോള്‍ കണ്ടുനിന്നവരുടെ കണ്ടമിടറി. വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മൃതദേഹം 11 മണിയോടെ ലിവര്‍പൂള്‍ സെന്റ്.മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെത്തിച്ചു. തുടര്‍ന്ന് പത്തോളം വൈദികരുടെ നേതൃത്വത്തില്‍ മൃത സംസ്‌ക്കാര ശുശ്രൂഷകള്‍ ആരംഭിച്ചു. ഇടവക വികാരി ഫാ. അഖില്‍ ജോയ് മറ്റ് വൈദികരായ രാജു ചെറുവിള്ളില്‍, പീറ്റര്‍ കുര്യാക്കോസ്, എല്‍ദോസ് വട്ടപ്പറമ്പില്‍, എബിന്‍ മര്‍ക്കോസ്, ഫിലിപ്പ് തോമസ്, ജെബിന്‍. പി. ഐപ്പ്, സാജന്‍ മാത്യു, എല്‍ദോ രാജന്‍, നിതിന്‍ സണ്ണി, തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. മറ്റ് സഭകളില്‍ നിന്നുമുള്ള സീറോ മലബാര്‍ സഭയെ പ്രതിനിധീകരിച്ച് ലിവര്‍പൂള്‍ ഔവര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ഇടവക വികാരി ഫാ.ആന്‍ഡ്രൂസ് ചെതലന്‍ ദേവാലയത്തിലെത്തി പ്രാര്‍ത്ഥനകളില്‍ സംബന്ധിച്ചു. ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ. എല്‍ദോ, കാര്‍മ്മല്‍ മാര്‍ത്തോമ്മാ ചര്‍ച്ച് വികാരി ഫാ.അബു തുടങ്ങിയവര്‍ ഭവനത്തിലെത്തി പ്രാര്‍ത്ഥനകള്‍ നടത്തി.

തുടര്‍ന്ന് വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കപ്പെട്ടു. യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, മുന്‍ യുക്മ ജോയിന്റ് സെക്രട്ടറി മാത്യു അലക്‌സാണ്ടര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പുഷ്പ ചക്രം അര്‍പ്പിച്ചു. ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജോസഫിന്റെ നേതൃത്വത്തില്‍

ജോയ് മോന്‍ തോമസ്, ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് തമ്പി ജോസ്, തുടങ്ങിയവരും, ഏഷ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളുടെയും വ്യക്തികളുടേയും പേരിലും പുഷ്പചക്രം അര്‍പ്പിച്ചു.


ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം 2 മണിക്ക് അലെര്‍ട്ടെന്‍ സെമിത്തേരിയിലേക്ക് അമലമോള്‍ യാത്രയായി. തുടര്‍ന്ന് സിമിത്തേരിയില്‍ നടന്ന അവസാനത്തെ ശുശ്രൂഷകള്‍ക്ക് ശേഷം കുഞ്ഞു മാലാഖയുടെ ഭൗതിക ശരീരം ലിവര്‍പൂളിന്റെ മണ്ണിലേക്ക് ഒരിക്കലും തിരിച്ച് വരാത്ത അന്തിയുറക്കത്തിനായി പ്രവേശിച്ചു.ഹൃദയം നുറുങ്ങുന്ന വേദനയില്‍ അമല മോളുടെ ഓര്‍മകളെ നെഞ്ചോടു ചേര്‍ത്തു വച്ച് യുകെ മലയാളികള്‍ അവളെ യാത്രയാക്കി.


ലിവര്‍പൂള്‍ നോട്ടിആഷില്‍ താമസിക്കുന്ന ആശിഷ് പീറ്റര്‍ പരിയാരത്തിന്റെയും എയ്ഞ്ചല്‍ ആശിഷിന്റെയും ഏക മകളായ അമല മേരി ആശിഷ് (5) ഫെബ്രുവരി 4 വെള്ളിയാഴ്ചയാണ് ലോകത്തോട് വിടപറഞ്ഞത്. രണ്ട് വര്‍ഷമായി ലുക്കീമിയ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ അമല മോളുടെ മരണവാര്‍ത്ത ഞെട്ടലോടെയാണ് യുകെ മലയാളികള്‍ ശ്രവിച്ചത്. മരണദിനം മുതല്‍ എല്ലാദിവസവും വൈകുന്നേരം അമലയുടെ ആത്മശാന്തിയ്ക്കായി വീട്ടില്‍ പ്രാര്‍ത്ഥന നടന്നിരുന്നു. ഇത്രയും നാള്‍ ഓടി കളിച്ച വീട്ടില്‍ ഇനി കുട്ടിയില്ല. എന്നാല്‍ ആ പിഞ്ചോമനയുടെ ഓര്‍മ്മകള്‍ അവിടെയെല്ലാം സുഗന്ധം പരത്തും. അമലയുടെ പുഞ്ചിരി മായാതെ അനശ്വരമായി നിലനില്ക്കും.


ലിവര്‍പൂള്‍ സെന്റ് മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ സംസ്‌കാര ശുശ്രൂഷകള്‍ ക്രമീകരിക്കുന്നതിന് ഇടവകാംഗങ്ങള്‍ക്ക് വേണ്ടി മാനേജിംഗ് കമ്മിറ്റി സെക്രട്ടറി ബിനുവര്‍ക്കി, ട്രസ്റ്റി ജോസ് മാത്യു, മുന്‍ സെക്രട്ടറി രാജു പൗലോസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഇടവക കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബിനുവര്‍ക്കി ശുശ്രൂഷകളില്‍ സഹകരിച്ച എല്ലാവരോടുമുള്ള നന്ദി അറിയിച്ചു.




Other News in this category



4malayalees Recommends