24 മണിക്കൂറിനുള്ളില്‍ റഷ്യ ഉക്രെയിനെ അക്രമിക്കുമെന്ന് ഭീതി? അവസാനവട്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് വാതിലുകള്‍ തുറന്നിട്ട് ബോറിസും, ബൈഡനും; റഷ്യന്‍ കരസേനയുടെ 60 ശതമാനം അതിര്‍ത്തിയില്‍ നിരന്നു; ചര്‍ച്ച തുടരാമെന്ന് വിദേശകാര്യ മന്ത്രി

24 മണിക്കൂറിനുള്ളില്‍ റഷ്യ ഉക്രെയിനെ അക്രമിക്കുമെന്ന് ഭീതി? അവസാനവട്ട നയതന്ത്ര ചര്‍ച്ചകള്‍ക്ക് വാതിലുകള്‍ തുറന്നിട്ട് ബോറിസും, ബൈഡനും; റഷ്യന്‍ കരസേനയുടെ 60 ശതമാനം അതിര്‍ത്തിയില്‍ നിരന്നു; ചര്‍ച്ച തുടരാമെന്ന് വിദേശകാര്യ മന്ത്രി

റഷ്യന്‍ സേന ഉക്രെയിനില്‍ കടന്നുകയറാന്‍ 48 മണിക്കൂറില്‍ താഴെ മാത്രം അവശേഷിക്കുന്നുവെന്ന് ആശങ്ക. ഇതിനിടെ ഏതെങ്കിലും തരത്തിലുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഉക്രെയിന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡനെ ഫോണില്‍ വിളിച്ചു.


പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ടെന്ന് സഖ്യനേതാക്കള്‍ സമ്മതിച്ചു. ഈസ്‌റ്റേണ്‍ യൂറോപ്പിനെ മറ്റൊരു യുദ്ധത്തിലേക്ക് നയിക്കുന്നത് ഒഴിവാക്കാന്‍ നയതന്ത്ര പരിശ്രമങ്ങള്‍ ശക്തമാക്കാനും ഇരുനേതാക്കളും തീരുമാനിച്ചിട്ടുണ്ട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും, യുഎസ് പ്രസിഡന്റും തമ്മിലുള്ള ഫോണ്‍ സംഭാഷണം 40 മിനിറ്റ് നീണ്ടുനിന്നതായി ഐടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഉക്രെയിന് എതിരായ ഭീഷണികളില്‍ നിന്നും റഷ്യ പിന്‍വാങ്ങണമെന്നും, ഇതിനായി നയതന്ത്ര നീക്കങ്ങള്‍ തുടരണമെന്ന് പ്രധാനമന്ത്രിയും, പ്രസിഡന്റ് ബൈഡനും അംഗീകരിച്ചതായി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ റഷ്യന്‍ ഗ്യാസിനെ ആശ്രയിക്കുന്നത് ചുരുക്കാനും നേതാക്കള്‍ സുപ്രധാനമായി കാണുന്നുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ ഗ്യാസ് ഇറക്കുമതിയുടെ അടിമകളാണെന്ന് ബോറിസ് നേരത്തെ വിമര്‍ശിച്ചിരുന്നു.

ഉക്രെയിനിലെ യുഎസ് എംബസിയില്‍ നിന്നുള്ള ബാക്കിയുള്ള ജീവനക്കാരെ കീവില്‍ നിന്നും വെസ്‌റ്റേണ്‍ നഗരമായ ലീവിലേക്ക് മാറ്റുമെന്ന് യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കെന്‍ പറഞ്ഞു. ഉക്രെയിനിലെ യുഎസ് പൗരന്‍മാരോട് എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാനും ബ്ലിങ്കെന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യുഎസ് എംബസിയിലെ നെറ്റ്‌വര്‍ക്കിംഗ് ഉപകരണങ്ങളും, കമ്പ്യൂട്ടര്‍ വര്‍ക്ക് സ്റ്റേഷനുകളും റഷ്യയുടെ കൈകളിലെത്താതിരിക്കാന്‍ നശിപ്പിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ആവശ്യപ്പെട്ടിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

പാശ്ചാത്യ രാജ്യങ്ങളുമായി ചര്‍ച്ച തുടരാന്‍ തയ്യാറാണെന്ന് ക്രെംലിന്‍ നിലപാട് സ്വീകരിച്ചത് പ്രതീക്ഷയാകുന്നുണ്ട്. പാശ്ചാത്യ അധികൃതര്‍ ഭയക്കുന്ന തോതില്‍ റഷ്യന്‍ അധിനിവേശം ഉടന്‍ ഉണ്ടാകില്ലെന്നാണ് ഇത് നല്‍കുന്ന പ്രതീക്ഷ.
Other News in this category



4malayalees Recommends