ഹാരി രാജകുമാരനെയും, കുടുംബത്തെയും രാജ്ഞി തന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കായി ക്ഷണിച്ചിരുന്നു. ഹാരി ഇതില്‍ പങ്കെടുക്കാത്തതാണ് നല്ലതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാല്‍ വിമര്‍ശകരുടെ വായടപ്പിച്ച് രാജകുമാരന്‍ ബ്രിട്ടനിലേക്ക് ആഘോഷങ്ങള്‍ക്കായി എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അണിയറയില്‍ ഹാരിയുടെ സഹായികള്‍ തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. വരുന്ന ജൂണ്‍ മാസത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. ഇതിന് മുന്‍പ് മെറ്റ് പോലീസുമായി സുരക്ഷാ വിഷയത്തില്‍ ഒത്തുതീര്‍പ്പില്‍ എത്തുമെന്നാണ് വ്യക്തമാകുന്നത്.
ഇത് സാധ്യമായാല്‍ കുടുംബത്തോടൊപ്പം രാജകുമാരന്‍ രാജ്ഞിയുടെ 70-ാം ഭരണവാര്‍ഷികത്തില്‍ പങ്കെടുക്കുമെന്നാണ് സൂചന. അതേസമയം ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയുമോയെന്ന് ഉറപ്പായിട്ടില്ലെന്ന് ഹാരി എന്‍ബിസി ന്യൂസില്‍ പറഞ്ഞിരുന്നു. സുരക്ഷ ഉള്‍പ്പെടെ വിഷയങ്ങളില്‍ തീരുമാനം ആകാനുണ്ട്. അതെല്ലാം ശരിയാക്കാന്‍ ശ്രമിക്കുകയാണ്. എന്റെ കുട്ടികള്‍ക്ക് രാജ്ഞിയെ കാണാന്‍ കഴിയുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തിക്കാനാണ് ശ്രമം, ഹാരി വ്യക്തമാക്കി.
സുപ്രധാനമായ ആഘോഷങ്ങളുടെ ഭാഗമാകാന്‍ യുകെയിലേക്ക് മടങ്ങാന്‍ ഹാരി ആഗ്രഹിക്കുന്നുവെന്ന് ഇവരുമായി അടുപ്പമുള്ളവര്‍ പറയുന്നു. സുരക്ഷാ വിഷയത്തില്‍ കാര്യങ്ങള്‍ ഒത്തുതീര്‍പ്പിലേക്ക് നീങ്ങുന്നതാണ് ഈ മാറ്റത്തിന് പ്രധാന കാരണം.
രാജ്ഞിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കെത്തുന്ന ഹാരിയെയും, മെഗാനെയും കവര്‍ ചെയ്യാന്‍ നെറ്റ്ഫ്‌ളിക്‌സ് ശ്രമിക്കുമെന്ന ആശങ്കയുണ്ട്. എന്നാല്‍ രാജ്ഞിയുടെ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പിലാണ് സസെക്‌സ് ദമ്പതികള്‍.