യുകെയില്‍ വര്‍ഷങ്ങള്‍ താമസിച്ച് ജോലി ചെയ്തിട്ടും രജിസ്‌ട്രേഷന്‍ നേടാന്‍ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍; 'അന്യായം' തിരുത്താന്‍ എന്‍എംസിയ്ക്ക് മുന്നില്‍ സമ്മര്‍ദമേറുന്നു; മലയാളി നഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയേറുന്നു; കണ്ണ് തുറക്കുമോ?

യുകെയില്‍ വര്‍ഷങ്ങള്‍ താമസിച്ച് ജോലി ചെയ്തിട്ടും രജിസ്‌ട്രേഷന്‍ നേടാന്‍ കഴിയാതെ ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍; 'അന്യായം' തിരുത്താന്‍ എന്‍എംസിയ്ക്ക് മുന്നില്‍ സമ്മര്‍ദമേറുന്നു; മലയാളി നഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയേറുന്നു; കണ്ണ് തുറക്കുമോ?

ഇന്ത്യയില്‍ നിന്നും പരിശീലനം നേടി യുകെയില്‍ എത്തി വര്‍ഷങ്ങളായി താമസിച്ച് ജോലി ചെയ്തിട്ടും യുകെയില്‍ നഴ്‌സുമാരായി രജിസ്‌ട്രേഷന്‍ എടുക്കാന്‍ കഴിയാത്ത ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വേണ്ടി ഇടപെടല്‍ നടത്താന്‍ നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ തയ്യാറാകണമെന്ന ആവശ്യത്തിന് ശക്തിയേറുന്നു. മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ നേരിടുന്ന ഈ അനീതി തിരുത്താന്‍ എന്‍എംസി തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.


പല നഴ്‌സുമാരും ബ്രിട്ടനില്‍ പൗരത്വം പോലും ലഭിച്ചിട്ടും രജിസ്‌ട്രേഷന്‍ ഇല്ലാത്ത റോളുകളില്‍ തുടരുകയാണ്. ഈ ഇന്ത്യന്‍ നഴ്‌സുമാരുടെ യോഗ്യതയ്ക്കും, ക്വാളിഫിക്കേഷനും, അനുഭവസമ്പത്തിനും അനുസൃതമായ പേ ഗ്രേഡില്‍ പോലുമല്ല ഇവരില്‍ പലരും ജോലി ചെയ്യുന്നത്. എന്‍എംസിയില്‍ നഴ്‌സായി രജിസ്റ്റര്‍ ചെയ്യാനുള്ള ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് പാസാകാന്‍ കഴിയാത്തതാണ് ഇതിന് ഇടയാക്കുന്നത്.

മലയാളി കൂടിയായ നഴ്‌സ് ഡോ. അജിമോള്‍ പ്രദീപും, ഡോ. ഡില്ലാ ഡേവീസുമാണ് മുന്‍ എന്‍എച്ച്എസ് ട്രസ്റ്റ് ചെയര്‍ പീറ്റര്‍ മൗണ്ട്, ഐല്‍ ഓഫ് മാന്‍ മാന്‍സ് കെയര്‍ ചെയര്‍ ആന്‍ഡ്രൂ ഫോസ്റ്റര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുന്നത്. കിംഗ്‌സ് കോളേജ് ഹോസ്പിറ്റലില്‍ ലിവര്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്ററാണ് ഡോ. അജിമോള്‍ പ്രദീപ്. സാല്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി നഴ്‌സിംഗ് ലെക്ചററാണ് ഡോ. ഡില്ലാ ഡേവിസ്.

Marketing campaign goals to assist India-trained nurses overcome obstacles  to UK registration - AK Medias


ഡോ. അജിമോള്‍ പ്രദീപും, ഡോ. ഡില്ലാ ഡേവിസും 2000ലാണ് യുകെയില്‍ നഴ്‌സുമാരായി ജോലി ചെയ്യാനെത്തിയത്. ഈ സമയത്ത് എന്‍എംസി ലാംഗ്വേജ് ടെസ്റ്റ് ആരംഭിച്ചിരുന്നില്ല. ഇതിന് പകരം എംപ്ലോയര്‍ നല്‍കുന്ന അഡാപ്‌റ്റേഷന്‍ പ്രോഗ്രാമിലാണ് പങ്കെടുത്തത്. ഇവര്‍ നടത്തിയ സര്‍വ്വെ പ്രകാരം ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റില്‍ തട്ടിനില്‍ക്കുന്നത് മൂവായിരത്തോളം ഇന്ത്യന്‍ നഴ്‌സുമാരാണ്.


ഇവര്‍ നടത്തിയ സര്‍വ്വെയില്‍ ഇന്ത്യയില്‍ യോഗ്യത നേടിയ നഴ്‌സുമാര്‍ യുകെയില്‍ താമസിക്കുമ്പോഴും എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ ഹെല്‍ത്ത്‌കെയര്‍ അസിസ്റ്റന്റ് റോളുകളില്‍ ഒതുങ്ങുകയാണ്. ഏകദേശം 600 പേര്‍ക്ക് ബ്രിട്ടീഷ് പൗരത്വം ലഭിച്ചുകഴിഞ്ഞു. പടിവാതില്‍ക്കല്‍ ഇത്രയധികം നഴ്‌സുമാര്‍ നില്‍ക്കുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റ് നടത്താന്‍ എന്‍എച്ച്എസ് നിക്ഷേപം നടത്തുകയാണെന്ന് ഡോ. അജിമോള്‍ പ്രദീപ് ചൂണ്ടിക്കാണിക്കുന്നു.


ഇന്ത്യന്‍ നഴ്‌സുമാരുടെ വിശാലമായ ഒരു പൂള്‍ യുകെയില്‍ തന്നെയുണ്ടെന്ന വിഷയമാണ് എന്‍എംഎസിക്ക് മുന്നില്‍ അവതരിപ്പിച്ച്, വാദിക്കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ സമ്മര്‍ദമേറിയതോടെ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് ഏത് വിധത്തിലാകണമെന്ന് എന്‍എംസി റിവ്യൂ ചെയ്ത് വരികയാണ്. ഈ മാറ്റം സാധ്യമായാല്‍ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് ഗുണകരമായി മാറും.


Other News in this category



4malayalees Recommends