ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മകന്റെ മൃതദേഹവുമായി 90 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് പിതാവ്

ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മകന്റെ മൃതദേഹവുമായി 90 കിലോമീറ്റര്‍ ബൈക്കില്‍ സഞ്ചരിച്ച് പിതാവ്

ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചോദിച്ച പണം നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് മകന്റെ മൃതദേഹം ബൈക്കില്‍ വീട്ടിലെത്തിച്ച് പിതാവ്. ആന്ധ്രയിലെ തിരുപ്പതിയിലാണ് സംഭവം. പന്ത്രണ്ട് വയസുകാരന്റെ മൃതദേഹവുമായി 90 കിലോമീറ്ററാണ് പിതാവ് ബൈക്കില്‍ സഞ്ചരിച്ചത്.ശ്രീ വെങ്കിടേശ്വര രാംനാരായണന്‍ റൂയ സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ആംബുലന്‍സ് വാടകയായി കൂടുതല്‍ തുക ആവശ്യപ്പെട്ടതോടെയാണ് മൃതദേഹം ബൈക്കില്‍ കൊണ്ടു പോകേണ്ടി വന്നതെന്ന് പിതാവ് പറഞ്ഞു.


വൃക്ക സംബന്ധമായ അസുഖങ്ങള്‍ മൂലം ചികിത്സയിലിരുന്ന കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍ 10,000 രൂപ ആവശ്യപ്പെട്ടു. ഇത് നല്‍കാനില്ലാത്തതിനാല്‍ സ്വകാര്യ ആംബുലന്‍സിനെ ബന്ധപ്പെട്ടപ്പോള്‍ അവര്‍ ഇരട്ടിത്തുക ആവശ്യപ്പെടുകയായിരുന്നു.

പിന്നീട് മറ്റൊരു മാര്‍ഗവും ഇല്ലാതിരുന്നതിനെ തുടര്‍ന്ന് പിതാവ് മകന്റെ മൃതദേഹം ബൈക്കില്‍ കൊണ്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. മറ്റൊരു യുവാവാണ് ബൈക്ക് ഓടിച്ചത്. മകന്റെ മൃതദേഹം മടിയില്‍ വെച്ച് പിതാവ് പിന്നില്‍ ഇരിക്കുകയായിരുന്നു. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ടെന്നും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിവേണമെന്നും ആളുകള്‍ ആവശ്യപ്പെട്ടു.

Other News in this category



4malayalees Recommends