വര്‍ക്ക് ഫ്രം ഹോം നിര്‍ത്തിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് ഓഫീസും, ഡിവിഎല്‍എയും സ്വകാര്യവത്കരിക്കും; ഭീഷണിയുമായി ബോറിസ്; കോവിഡ് കാലം കടന്നിട്ടും 'ഉറക്കംതൂങ്ങി' സേവനങ്ങള്‍; സര്‍ക്കാര്‍ ജോലിക്കാരുടെ അലംഭാവത്തില്‍ പ്രധാനമന്ത്രി രോഷത്തില്‍

വര്‍ക്ക് ഫ്രം ഹോം നിര്‍ത്തിയില്ലെങ്കില്‍ പാസ്‌പോര്‍ട്ട് ഓഫീസും, ഡിവിഎല്‍എയും സ്വകാര്യവത്കരിക്കും; ഭീഷണിയുമായി ബോറിസ്; കോവിഡ് കാലം കടന്നിട്ടും 'ഉറക്കംതൂങ്ങി' സേവനങ്ങള്‍; സര്‍ക്കാര്‍ ജോലിക്കാരുടെ അലംഭാവത്തില്‍ പ്രധാനമന്ത്രി രോഷത്തില്‍

കോവിഡ് മഹാമാരിയെ ചെറുക്കാന്‍ ജനങ്ങളെ വീട്ടിലിരുത്തുമ്പോള്‍ ഇതുപോലൊരു തിരിച്ചടി സര്‍ക്കാര്‍ സ്വപ്‌നത്തില്‍ പോലും കണ്ടിരുന്നില്ല. വൈറസിനെതിരായ പോരാട്ടം അവസാനിപ്പിച്ച് ജനങ്ങളെ സാധാരണ ജീവിതത്തിലേക്ക് നയിക്കുമ്പോഴും ഇതൊന്നും അറിയാതെ വീട്ടില്‍ വര്‍ക്ക് ഫ്രം ഹോമുമായി തുടരുകയാണ് ചില സര്‍ക്കാര്‍ വകുപ്പുകള്‍. സേവനങ്ങള്‍ മെല്ലെപ്പോക്ക് തുടരുമ്പോള്‍ സര്‍ക്കാര്‍ രോഷത്തിലാണ്.


സേവനങ്ങള്‍ പഴയ രീതിയിലേക്ക് മാറ്റാന്‍ തയ്യാറായില്ലെങ്കില്‍ പാസ്‌പോര്‍ട്ട് ഓഫീസും, ഡിവിഎല്‍എയും സ്വകാര്യവത്കരിക്കുമെന്നാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. മഹാമാരിക്ക് ശേഷവുമുള്ള 'ഉറക്കംതൂങ്ങി' സംസ്‌കാരം ചില സര്‍ക്കാര്‍ ഏജന്‍സികളില്‍ തുടരുന്നതിന് എതിരെയാണ് പ്രധാനമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

വര്‍ക്ക് ഫ്രം ഹോം പോലുള്ള മഹാമാരി കാലത്തെ നടപടിക്രമങ്ങള്‍ക്കെതിരെ ഇപ്പോള്‍ ജനരോഷം ഉയരുകയാണ്. പ്രത്യേകിച്ച് പുതിയ പാസ്‌പോര്‍ട്ട് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയത്തില്‍ കാലതാമസം നേരിടുന്നുണ്ട്. ഡിവിഎല്‍എ ആകട്ടെ ലൈസന്‍സുകള്‍ നല്‍കുന്നതില്‍ ഈ കാലതാമസം തുടരുകയാണ്. ജോലിക്കാര്‍ ഓഫീസിലേക്ക് മടങ്ങിയെത്താന്‍ മടിക്കുന്നതാണ് ഇതിന് പിന്നിലെ കാരണമെന്ന് മന്ത്രിമാരും സമ്മതിക്കുന്നു.

പുതിയ മള്‍ട്ടി മില്ല്യണ്‍ പൗണ്ടിന്റെ കൗണ്‍സില്‍ ആസ്ഥാനം ജീവനക്കാരില്ലാതെ ഒഴിഞ്ഞ് കിടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജോലിക്കാര്‍ ഇപ്പോഴും വീടുകളില്‍ നിന്നും ജോലി ചെയ്യുന്നതിനെയാണ് അനുകൂലിക്കുന്നത്. എന്നാല്‍ ബ്രിട്ടനിലെ ജനങ്ങള്‍ ഉയരുന്ന ചെലവുകളില്‍ പൊറുതിമുട്ടുമ്പോള്‍ ഈ വിധത്തില്‍ അലംഭാവം തുടരാന്‍ കഴിയില്ലെന്ന് ക്യാബിനറ്റ് യോഗം വിലയിരുത്തി.

സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെട്ട രീതിയില്‍ നടത്തിക്കൊണ്ട് പോകുന്നതിന്റെ പ്രാധാന്യമാണ് ബോറിസ് ജോണ്‍സണ്‍ മുന്നോട്ട് വെച്ചത്. എക്‌സ്പ്രസ് പാസ്‌പോര്‍ട്ട് പുതുക്കല്‍ പോലുള്ള നടപടികള്‍ക്ക് ആളുകള്‍ക്ക് അധിക ചെലവ് വരുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇതില്‍ പെടുമെന്നാണ് റിപ്പോര്‍ട്ട്.
Other News in this category



4malayalees Recommends