ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ നടനും നിര്‍മാതാവുമായ വിജയ് ബാബു വിദേശത്തേക്ക് കടന്നെന്ന് പൊലീസ്. എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ വൈ നിസാമുദ്ദീന്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അറസ്റ്റ് ഉറപ്പായതോടെ മുങ്ങിയതാണെന്നാണ് വിവരം. എന്നാല്‍ ഒളിവിലാണെന്ന് വാര്‍ത്തകള്‍ വിജയ് ബാബു തള്ളി. താന്‍ ദുബായില്‍ ഉണ്ടെന്നും, ആര്‍ക്കും ബന്ധപ്പെടാമെന്നും വിജയ് ബാബു പറഞ്ഞു.
വിജയ് ബാബു സ്ഥലത്തില്ലെന്ന് കൊച്ചി ഡിസിപി യു.വി. കുര്യാക്കോസും അറിയിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
വിജയ് ബാബുവിനെതിരെ ബലാത്സംഗത്തിന് പുറമേ മറ്റൊരു കേസ് കൂടി പൊലീസ് രജിസറ്റര്‍ ചെയ്യും. കേസില്‍ ഇരയുടെ പേര് ഫെയ്സ്ബുക്ക് ലൈവില്‍ വന്നപ്പോള്‍ വെളിപ്പെടുത്തിയതിനാണ് കേസെടുക്കുക. യഥാര്‍ത്ഥ ഇര താനാണെന്നാണ് വിജയ് ബാബു പറഞ്ഞത്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം പേടിച്ചാല്‍ മതി. തെറ്റ് ചെയ്തിട്ടില്ല എന്നുറപ്പുള്ളത് കൊണ്ട് പേടിയില്ലെന്ന് വിജയ് ബാബു പറഞ്ഞു.
പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകും. തന്നെ അപകീര്‍ത്തിപ്പെടുത്തിയതിന് കേസ് കൊടുക്കും. വെറുതെ വിടാന്‍ ആലോചിക്കുന്നില്ലെന്നാണ് വിജയ് ബാബു ലൈവില്‍ പറഞ്ഞത്. ഇതിന് പിന്നാലെ വിജയ് ബാബുവില്‍ നിന്ന് നേരിടേണ്ടി വന്ന ക്രൂരമായ പീഡനങ്ങള്‍ വ്യക്തമാക്കി യുവതി ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.