സ്‌ട്രോക്ക് നേരിട്ട ഗ്ലോസ്റ്റര്‍ഷയര്‍ എന്‍എച്ച്എസ് മേധാവി ആംബുലന്‍സ് വിളിക്കാന്‍ ഭയപ്പെട്ടു; അവസ്ഥ കണ്ട് ഭര്‍ത്താവ് കാറില്‍ ആശുപത്രിയിലെത്തിച്ചു; ആംബുലന്‍സ് കാത്തിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഉദ്യോഗസ്ഥ!

സ്‌ട്രോക്ക് നേരിട്ട ഗ്ലോസ്റ്റര്‍ഷയര്‍ എന്‍എച്ച്എസ് മേധാവി ആംബുലന്‍സ് വിളിക്കാന്‍ ഭയപ്പെട്ടു; അവസ്ഥ കണ്ട് ഭര്‍ത്താവ് കാറില്‍ ആശുപത്രിയിലെത്തിച്ചു; ആംബുലന്‍സ് കാത്തിരുന്നെങ്കില്‍ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് ഉദ്യോഗസ്ഥ!

എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കാന്‍ നേരിടുന്ന കാലതാമസം ഇപ്പോള്‍ ബ്രിട്ടനിലെ പ്രധാന തര്‍ക്കവിഷയമാണ്. സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് വരെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ സേവനങ്ങള്‍ ഇപ്പോഴും മെച്ചപ്പെട്ടോയെന്ന് ചോദിച്ചാല്‍, സംശയമെന്ന് ഉത്തരം നല്‍കേണ്ടി വരും. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഗ്ലോസ്റ്റര്‍ഷയറിലെ എന്‍എച്ച്എസ് മേധാവിയുടെ ജീവിതത്തില്‍ സംഭവിച്ച അവസ്ഥ.


കഴിഞ്ഞ വെള്ളിയാഴ്ച സ്‌ട്രോക്ക് നേരിട്ടപ്പോള്‍ താന്‍ ഒരു ആംബുലന്‍സ് വിളിച്ച് കാത്തിരിക്കാന്‍ ഭയപ്പെട്ടെന്നാണ് ഗ്ലോസ്റ്റര്‍ഷയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഡെബോറാ ലീ വെളിപ്പെടുത്തിയിരിക്കുന്നത്. ആംബുലന്‍സ് വിളിക്കേണ്ടി വന്നില്ലെന്നത് നന്ദിയോടെയാണ് ഇവര്‍ സ്മരിക്കുന്നത്. ഭര്‍ത്താവാണ് കാറില്‍ ലീയെ എ&ഇയിലേക്ക് എത്തിച്ചത്.

ആശുപത്രിയിലെത്തിച്ച ഉടനെ ഡെബോറാ ലീയ്ക്ക് ആവശ്യമായ ചികിത്സകള്‍ അതിവേഗം നല്‍കപ്പെട്ടു. ത്രോംബെക്ടമി നല്‍കാന്‍ ഓക്‌സ്‌ഫോര്‍ഡിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്‍എച്ച്എസ് ജീവനക്കാര്‍ നല്‍കിയ വേഗത്തിലും, വൈദഗ്ധ്യവും, ദയവുമുള്ള ചികിത്സയ്ക്ക് ലീ നന്ദി പറയുകയും ചെയ്തു. എന്നാല്‍ മറ്റൊരു കാര്യം കൂടി ഇവര്‍ ചൂണ്ടിക്കാണിച്ചു, ഒരു ആംബുലന്‍സ് വിളിച്ച് ഈ സേവനത്തിനായി കാത്തിരുന്നെങ്കില്‍ ഒരുപക്ഷെ സ്ഥിതി മറ്റൊന്നാകുമായിരുന്നുവെന്ന് ലീ സമ്മതിക്കുന്നു!


ഈ സമയത്ത് ഭര്‍ത്താവ് വീട്ടില്‍ ഇല്ലാതിരിക്കുകയും, മകള്‍ ഒരു ആംബുലന്‍സ് വിളിക്കുകയും ചെയ്തിരുന്നെങ്കില്‍ സ്ഥിതി എന്താകുമായിരുന്നുവെന്ന് ലീ ട്വിറ്ററില്‍ കുറിച്ചു. സൗത്ത് വെസ്റ്റ് മേഖലയിലെ ആംബുലന്‍സുകളുടെ സ്ഥിതി വളരെ മോശമാണ്. പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എന്റെ സിസ്റ്റം നിര്‍ത്താതെ ജോലി ചെയ്യുന്നുണ്ട്. പക്ഷെ പ്രശ്‌നം ആശുപത്രിയുടെ മുന്‍വാതിലല്ല, പിന്നിലാണ്. കൃത്യമായ ഒഴുക്കില്ലാത്തതിന് എനിക്ക് ഉത്തരമില്ല, പക്ഷെ സര്‍ക്കാരിന് ചിലത് ചെയ്യാന്‍ ശേഷിയുണ്ട്, ലീ ചൂണ്ടിക്കാണിച്ചു.

സോഷ്യല്‍ കെയറില്‍ വ്യക്തമായ മാറ്റം വരുത്തുകയാണ് ഇതിന് പരിഹാരമെന്ന് ഗ്ലോസ്റ്റര്‍ഷയര്‍ എന്‍എച്ച്എസ് മേധാവി വ്യക്തമാക്കുന്നു. കെയര്‍ വര്‍ക്കറാകുന്നത് അഭിമാനകരമായി മാറിയെങ്കില്‍ മാത്രമാണ് ഇത് സാധിക്കുക, അവര്‍ പറഞ്ഞു. ഒരു എന്‍എച്ച്എസ് മേധാവിയുടെ അനുഭവം ഇതാണെങ്കില്‍ ആംബുലന്‍സിനായി കാത്തിരിക്കുന്ന സാധാരണക്കാരുടെ അവസ്ഥ എന്താകുമെന്നതാണ് ഉയരുന്ന ചോദ്യം.

Other News in this category



4malayalees Recommends