ഉദ്ഘാടനത്തിന് കൃത്യസമയത്ത് എത്താന്‍ ഗതാഗതക്കുരുക്ക് തടസമായതോടെ കാറുപേക്ഷിച്ച് ഓട്ടോയിലെത്തിയ നടന് സുരേഷ് ഗോപിയുടെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. താരത്തിന്റെ വരവ് കണ്ട് അമ്പരന്ന അവസ്ഥയിലാണ് സംഘാടകരും. കഴിഞ്ഞ ദിവസം വൈകിട്ട് എറണാകുളം ബി.ടി.എച്ച് ഹോട്ടലില്‍ നടന്ന വി.എച്ച്.പി സ്വാഭിമാന്‍ നിധി ഉദ്ഘാടന പരിപാടിയിലാണ് താരം അപ്രതീക്ഷിത വരവ് നടത്തിയത്.
നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാനായാണ് നടന് സ്വന്തം കാര്‍ ഉപേക്ഷിച്ച് ഓട്ടോയുടെ സഹായം തേടിയത്. കലൂരില്‍ നിന്നാണ് താരം ഓട്ടോ പിടിച്ചത്. മൂന്ന് മണിക്കായിരുന്നു ഇവിടുത്തെ പരിപാടി ആരംഭിക്കാനിരുന്നത്. എന്നാല്‍ ഈ സമയം 'അമ്മ'യുടെ വേദിയിലായിരുന്നു താരം. ഇവിടെ നിന്ന് നാലു മണിയോടെ ഇറങ്ങിയപ്പോഴാണ് റോഡിലെ ഗതാഗതക്കുരുക്കിനെ കുറിച്ച് അറിഞ്ഞത്.
അമ്മയുടെ വേദിയില്‍ നിന്ന് പുറത്തിറങ്ങിയ താരത്തെ മാധ്യമങ്ങള്‍ വളഞ്ഞു. ഇതോടെ താരം ആദ്യം വേറെയൊരു കാറില്‍ സ്ഥലത്തുനിന്നും പുറപ്പെട്ടു. പിന്നീടാണ് ഗതാഗതക്കുരുക്ക് ഒഴിവാക്കി കൊണ്ട് ഉദ്ഘാടന വേദിയിലേക്ക് സമയത്തെത്താനായി ഓട്ടോയെ ആശ്രയിച്ചത്. കാറിലെത്തുന്ന താരത്തെ സ്വീകരിക്കാന്‍ നിന്ന സംഘാടകരെയും സമീപത്ത് ഉണ്ടായിരുന്നവരെയും അമ്പരപ്പിച്ച് കൊണ്ട് സുരേഷ് ഗോപി ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയത്.