ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല ബാക്ടീരിയ ; ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല ബാക്ടീരിയ ; ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
ഭക്ഷ്യ വിഷബാധയെ തുടര്‍ന്നുള്ള ദേവനന്ദയുടെ മരണത്തിന് ഇടയാക്കിയത് ഷിഗെല്ല സോണി ബാക്ടീരിയ. ഇത് ഹൃദയത്തെയും തലച്ചോറിനെയും ബാധിച്ചതാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ആണ് ഇത്. സ്രവങ്ങളുടെ അന്തിമ പരിശോധനാ ഫലം ഇന്നേ ലഭിക്കൂവെന്നു കണ്ണൂര്‍ പരിയാരം ഗവ. മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നു.

ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്നുണ്ടായ ഭക്ഷ്യ വിഷബാധയ്ക്കു കാരണം ഷിഗെല്ല ബാക്ടീരിയ ആണെന്നു കാസര്‍കോട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ.വി.രാംദാസ് അറിയിച്ചു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ 3 പേരുടെ സ്രവ സാംപിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധിച്ചപ്പോഴും അവയില്‍ ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിലുള്ള എല്ലാവര്‍ക്കും സമാനമായ രോഗലക്ഷണങ്ങളായതിനാല്‍ ഷിഗെല്ല തന്നെയെന്നാണു വിലയിരുത്തല്‍. അതേസമയം, ദേവനന്ദയുടെ മൃതദേഹം കരിവെള്ളൂര്‍ എവി സ്മാരക ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കരിച്ചു. സംഭവത്തില്‍ ഐഡിയല്‍ കൂള്‍ബാര്‍ മാനേജരും കേസിലെ മൂന്നാം പ്രതിയുമായ കാസര്‍കോട് പടന്ന സ്വദേശി അഹമ്മദ് അറസ്റ്റിലായി.

കേസില്‍ ഇതുവരെ മൂന്നു പേരാണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന എഡിഎം നാളെ റിപ്പോര്‍ട്ട് നല്‍കും. ഷവര്‍മ കഴിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 52 ആണ്.

Other News in this category



4malayalees Recommends