സുകുമാരന്‍ നായര്‍ പിതൃതുല്യന്‍; പെരുന്നയില്‍ എത്തിയത് അനുഗ്രഹം വാങ്ങാനെന്ന് ഉമ തോമസ്

സുകുമാരന്‍ നായര്‍ പിതൃതുല്യന്‍; പെരുന്നയില്‍ എത്തിയത് അനുഗ്രഹം വാങ്ങാനെന്ന് ഉമ തോമസ്
തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് ചങ്ങനാശേരിയിലെ പെരുന്നയിലെത്തി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. സുകുമാരന്‍ നായര്‍ പിതൃതുല്യനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനാണ് പെരുന്നയിലെത്തിയത്. പി.ടി തോമസിന് എന്‍എസ്എസ് നേതൃത്വവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

മത്സരത്തിന് പിന്തുണ തേടിയാണോ എത്തിയതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അനുഗ്രഹം തേടിയെന്ന വാക്കിനെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്ന് അവര്‍ പറഞ്ഞു. മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കൂടി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇരുമുന്നണികളും പ്രചാരണം ശക്തമാക്കുകയാണ്.

എറണാകുളം ലിസി ആശുപത്രിയിലെ ഹൃദ്രോഗവിദഗ്ധനായ ജോ ജോസഫാണ് എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി. ഇന്നലെ വൈകിട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനാര്‍ത്ഥിയുടെ പേര് വെളിപ്പെടുത്തിയത്. താന്‍ സഭയുടെ സ്ഥാനാര്‍ത്ഥിയല്ല, എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ടെന്നും തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്നുമാണ് ജോ ജോസഫ് പ്രതികരിച്ചത്.

മെയ് 31നാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനമിറക്കും. മെയ് 11 നാണ് പത്രിക നല്‍കാനുള്ള അവസാന തിയതി. മെയ് 16 വരെയാണ് പത്രിക പിന്‍വലിക്കാന്‍ അനുവദിക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

Other News in this category



4malayalees Recommends