സഭയും മതവും വേണോ അതോ വികസനം വേണോയെന്ന് പി രാജീവ്; മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റെന്ന് ഇ പി ജയരാജന്‍

സഭയും മതവും വേണോ അതോ വികസനം വേണോയെന്ന് പി രാജീവ്; മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റെന്ന് ഇ പി ജയരാജന്‍
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ കുറിച്ച് യുഡിഎഫ് വ്യാജപ്രചാരണെ നടത്തിയെന്ന് മന്ത്രി പി.രാജീവ്. സഭയെ തിരഞ്ഞെടുപ്പിലേക്ക് വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണെന്ന ചെന്നിത്തലയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എല്‍ഡിഎഫിന്റെ ചിലവില്‍ സഭാ നേതൃത്വത്തെയും ലിസി ആശുപത്രിയെയും അപമാനിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ലിസി ആശുപത്രിയിലല്ല. വിവരം അറിയിക്കാനാണ് ആശുപത്രിയില്‍ ചെന്നത്. ആശുപത്രി ഡയറക്ടര്‍ എന്ന പദവിയിലാണ് വൈദികന്‍ സംസാരിച്ചതെന്നും പി രാജീവ് പറഞ്ഞു. സഭയും മതവും വേണോ അതേ വികസനം വേണോ എന്നതാണ് തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് ചോദ്യം. ഇടത് സര്‍ക്കാരിന്‍രെ കാലത്താണ് കൊച്ചി മെട്രോയ്ക്ക് അനുമതി വാങ്ങിയതെന്നും വികസനത്തിന്റെ കേന്ദ്രമായി തൃക്കാക്കരയെ മാറ്റുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം മതത്തെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് തെറ്റാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പ്രതികരിച്ചു. മത പുരോഹിതരെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഇപ്പോഴത്തെ വിവാദങ്ങള്‍ അനാവശ്യമാണ് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് അങ്കലാപ്പിലാണെന്നും കോണ്‍ഗ്രസിനെ പോലെ ഞങ്ങള്‍ ദുര്‍ബലര്‍ അല്ലെന്നും ജയരാജന്‍ പറഞ്ഞു.

സഭയാണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്ന് കരുതുന്നില്ലെന്നും, പ്രചരണത്തിന് പിന്നില്‍ നിക്ഷിപ്ത താല്‍പ്പര്യക്കാരാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.കത്തോലിക്ക സഭ എപ്പോഴും ജനാധിപത്യവും, മതേതരത്വവും ഉയര്‍ത്തി പിടിക്കുന്ന വിശാലമായ ചിന്താഗതിയുള്ള സഭയാണ്. അവര്‍ ഒരിക്കലും ഒരു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നുള്ള യാതൊരു വിശ്വാസവും തങ്ങള്‍ക്കില്ല. അത് നിക്ഷിപ്ത താല്‍പര്യക്കാര്‍ നടത്തുന്ന പ്രചരണം മാത്രമാണ്. തൃക്കാക്കരയില്‍ രാഷ്ട്രീയ പോരാട്ടത്തിനാണ് തങ്ങള്‍ ഒരുങ്ങുന്നത്. അതിന് സിപിഎം തയ്യാറുണ്ടോ എന്ന് വെല്ലുവിളിക്കുന്നു. കൊല റെയിലിനുള്ള താക്കീതാവും തൃക്കാക്കരയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Other News in this category



4malayalees Recommends