റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ

റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചു, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാളെ
വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ ദുരൂഹമരണത്തില്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. റിഫയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്കായി അയച്ചു. ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്നതടക്കം പരിശോധിക്കും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് ലാബിലാണ് പരിശോധന നടക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പ്രാഥമിക വിവരങ്ങള്‍ നാളെ പൊലീസിന് സമര്‍പ്പിച്ചേക്കും.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വരുന്നതോടെ റിഫയുടെ മരണത്തിലെ ദുരൂഹത നീക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. പൊലീസ് അന്വേഷണവും ഫോറന്‍സിക് വിദഗ്ധരുടെ പരിശോധനയും തുടരുകയാണ്. ഇന്നലെയാണ് റിഫയുടെ മൃതദേബം ഖബറിടത്തില്‍ നിന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്റെ നേതൃത്വത്തിലായിരുന്നു നടപടികള്‍.

തുടരന്വേഷണത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും. മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനും പങ്കുണ്ടെന്നാണ് റിഫയുടെ കുടുംബം ഉന്നയിക്കുന്ന ആരോപണം. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഭര്‍ത്താവ് മെഹ്നാസിനെ ചോദ്യം ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും. മെഹ്നാസിനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കാക്കൂര്‍ പൊലീസാണ് കേസെടുത്തത്.

ദുബായിലെ ഫ്‌ളാറ്റില്‍ മാര്‍ച്ച് ഒന്നിനാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യൂട്യൂബിലെ ലൈക്കിന്റെയും, സബസ്‌ക്രിബ്ഷന്റെയും പേരില്‍ മെഹ്നാസ് റിഫയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പ്രാഥമിക അന്വേഷണം നടത്തിയതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പത്ത് വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയത്.

Other News in this category



4malayalees Recommends