പ്രീതി പട്ടേലിന് 'റുവാന്‍ഡന്‍' വിജയം! അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള ആദ്യ വിമാനത്തിന് അനുമതി നല്‍കി ഹൈക്കോര്‍ട്ട്; പദ്ധതി അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ തള്ളി കോടതി

പ്രീതി പട്ടേലിന് 'റുവാന്‍ഡന്‍' വിജയം! അനധികൃത കുടിയേറ്റക്കാരെ വഹിച്ചുള്ള ആദ്യ വിമാനത്തിന് അനുമതി നല്‍കി ഹൈക്കോര്‍ട്ട്; പദ്ധതി അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ തള്ളി കോടതി

റുവാന്‍ഡയിലേക്ക് അനധികൃത കുടിയേറ്റക്കാരെ കയറ്റി അയയ്ക്കാനുള്ള പദ്ധതിക്ക് പച്ചക്കൊടി വീശി ഹൈക്കോടതി. അനധികൃത കുടിയേറ്റക്കാരുമായി ആദ്യ വിമാനം പറക്കാന്‍ ജഡ്ജ് അനുമതി നല്‍കി. ഇടത് ആക്ടിവിസ്റ്റുകളും, അഭിഭാഷകരുമാണ് അവസാന നിമിഷം ഹോം സെക്രട്ടറി പ്രീതി പട്ടേലിനെതിരെ അട്ടിമറി നീക്കം നടത്തിയത്.


കോടതി വിധി വന്നതോടെ മധ്യ ആഫ്രിക്കന്‍ രാജ്യത്തേക്ക് 30 കുടിയേറ്റക്കാരെ വഹിച്ചുള്ള വിമാനം ചൊവ്വാഴ്ച പറക്കുമെന്ന് ഉറപ്പായി. മറ്റ് 100 പേരെ കൂടി ഇതിന് പിന്നാലെ നാടുകടത്തും. ഡിറ്റെന്‍ഷന്‍ ആക്ഷന്‍, കെയര്‍4കലായിസ്, പിസിഎസ് യൂണിയന്‍ എന്നിവര്‍ നടത്തിയ അവസാനവട്ട ശ്രമമാണ് ജഡ്ജ് തള്ളിയത്.

വിമാനങ്ങള്‍ പറക്കുന്നതിന് കണ്ണടച്ച് വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ജഡ്ജ് വ്യക്തമാക്കി. എന്നാല്‍ അടുത്ത ആഴ്ച തന്നെ വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് ഗ്രൂപ്പ് വ്യക്തമാക്കി. തിങ്കളാഴ്ച ചാരിറ്റി ഗ്രൂപ്പായ അസൈലം എയ്ഡും ഹോം ഓഫീസിനെ വെല്ലുവിളിച്ച് കോടതിയില്‍ എത്തുന്നുണ്ട്.


'മനുഷ്യരെ കള്ളക്കടത്തിന് വിധേയമാക്കുന്ന മാരകമായ പരിപാടി തകര്‍ക്കുന്നതില്‍ നിന്നും പിന്നോട്ടില്ല. ഇതുവഴി ജീവനുകളാണ് രക്ഷിക്കപ്പെടുന്നത്. റുവാന്‍ഡയിലേക്കുള്ള വിമാനത്തിന് യാത്രക്ക് ആവശ്യമായ തയ്യാറെടുപ്പുകള്‍ തുടരും. ചെറിയ ബോട്ടുകളില്‍ കയറി ചാനല്‍ ക്രോസിംഗ് നടത്തുന്നത് തടയാനുള്ള നടപടികളും സ്വീകരിക്കും', പ്രീതി പട്ടേല്‍ വ്യക്തമാക്കി.


പ്രീതി പട്ടേലിന്റെ നടപടികള്‍ മുന്നോട്ട് പോകേണ്ടത് പൊതുതാല്‍പര്യം മുന്‍നിര്‍ത്തിയാണെന്ന് ജഡ്ജ് ജസ്റ്റിസ് സ്വിഫ്റ്റ് വ്യക്തമാക്കി. ഈ വര്‍ഷം ചെറിയ ബോട്ടുകളിലായി 10,020 കുടിയേറ്റക്കാരാണ് ചാനല്‍ കടന്ന് എത്തിയതെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം 28,256 കുടിയേറ്റക്കാരും ചാനല്‍ കടന്നെത്തി.


Other News in this category



4malayalees Recommends