ഇംഗ്ലീഷിന് 35,കണക്കിന് 36; 10ാം ക്ലാസ് എന്ന കടമ്പ കടന്നത് കഷ്ടിച്ച് ! പരീക്ഷാ ഫലം വരാനിരിക്കെ സ്വന്തം മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ട് ജില്ലാ കളക്ടര്‍ തുഷാര്‍

ഇംഗ്ലീഷിന് 35,കണക്കിന് 36; 10ാം ക്ലാസ് എന്ന കടമ്പ കടന്നത് കഷ്ടിച്ച് ! പരീക്ഷാ ഫലം വരാനിരിക്കെ സ്വന്തം മാര്‍ക്ക് ലിസ്റ്റ് പുറത്തുവിട്ട് ജില്ലാ കളക്ടര്‍ തുഷാര്‍
വിദ്യാര്‍ത്ഥികള്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുന്ന 10ാം ക്ലാസ് പരീക്ഷാഫലം 15 ന് പുറത്തുവിടുന്നതാണ്. ഈ ഫലം വരുന്നത് കാത്തിരിക്കുകയാണ് വിദ്യാര്‍ത്ഥികളും നാടും നാട്ടുകാരും. എന്നാല്‍ പത്താം ക്ലാസിലെ പരീക്ഷയില്‍ ഉയര്‍ന്ന് മാര്‍ക്ക് നേടിയില്ലെങ്കിലും എത്തേണ്ടിടത്ത് കൃത്യമായി തന്നെ നാം എത്തുമെന്ന് അറിയിച്ച് തന്റെ 10ാം ക്ലാസിലെ പാസ് മാര്‍ക്ക് ലഭിച്ചത് പുറത്ത് വിട്ടിരിക്കുകയാണ് ഒരു കളക്ടര്‍.

പരീക്ഷാ ഫലം കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ കളക്ടറുടെ മാര്‍ക്ക് ജീവിതത്തില്‍ ആത്മവിശ്വാസം കൂടി പകരുന്നതാണെന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞുവെയ്ക്കുന്നത്. ഗുജറാത്തിലെ ഭരൂച് ജില്ലാകളക്ടറായ തുഷാര്‍ ഡി. സുമേരെയുടെ മാര്‍ക്ക് ലിസ്റ്റാണ് ട്വിറ്ററിലൂടെ അദ്ദേഹം പങ്കുവെച്ചത്. ബോര്‍ഡ് പരീക്ഷയില്‍ ഇംഗ്ലീഷിന് 35 ഉം ഗണിതശാസ്ത്രത്തിന് 36 ഉം മാര്‍ക്ക് നേടിയാണ് പത്താം ക്ലാസ്സെന്ന കടമ്പ കടന്നതെന്നാണ് തുഷാര്‍ പറയുന്നത്.

തുഷാറിന്റെ ഫോട്ടോയും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് കാര്‍ഡിന്റെ അവ്യക്തമായ ചിത്രവും ചേര്‍ത്ത് 2009 ബാച്ച് ചണ്ഡീഗഡ് കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ അവനീഷ് ശരണ്‍ ട്വിറ്ററിലൂടെ ഷെയര്‍ ചെയ്തു. പത്താം ക്ലാസ് പരീക്ഷയില്‍ വെറും പാസ് മാര്‍ക്ക് മാത്രമാണ് തനിക്ക് നേടാനായതെന്നും ഒരിക്കലും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കാന്‍ തനിക്ക് സാധിക്കില്ലെന്ന് സ്‌കൂള്‍ അധികൃതരും ഗ്രാമം മൊത്തവും അന്ന് പറഞ്ഞിരുന്നതായും തുഷാര്‍ പറഞ്ഞതായി അവനീഷ് ട്വിറ്ററില്‍ കുറിച്ചു.

അവനീഷിന്റെ ട്വീറ്റ് ഷെയര്‍ ചെയ്ത് തുഷാര്‍ ട്വിറ്ററീലൂടെ നന്ദി അറിയിക്കുകയും ചെയ്തു. 2012 ലാണ് തുഷാര്‍ ഐഎഎസ് നേടുന്നത്. യുപിഎസ് സി പരീക്ഷയെഴുതുന്നതിന് മുമ്പ് തുഷാര്‍ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends