104 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ 80 അടി താഴ്ചയില്‍ ധൈര്യത്തോടെ നേരിട്ട കുട്ടി ; ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ ; ധീരതയെ പുകഴ്ത്തി ജനം

104 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ 80 അടി താഴ്ചയില്‍ ധൈര്യത്തോടെ നേരിട്ട കുട്ടി ; ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ ; ധീരതയെ പുകഴ്ത്തി ജനം
104 മണിക്കൂര്‍ കുഴല്‍ക്കിണറിനുള്ളില്‍ 80 അടി താഴ്ചയെ ധീരതയോടെ നേരിട്ട മാനസികവെല്ലുവിളി നേരിടുന്ന കുട്ടി ഒടുവില്‍ പുറത്തേക്ക്. പാമ്പും തേളും തവളയും ഉള്‍പ്പടെയുള്ള മനോധൈര്യം തകര്‍ക്കുന്ന ഒട്ടേറെ പ്രതിസന്ധികളെയാണ് രാഹുല്‍ സാഹു എന്ന പതിനൊന്നുകാരന്‍ അതിജീവിച്ചത്. രാഹുല്‍ ഇപ്പോള്‍ ബിലാസ്പുര്‍ അപ്പോളോ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

അഞ്ഞൂറിലേറെപ്പേര്‍ രാവും പകലുമായി നിര്‍ത്താതെ നടത്തിയ രക്ഷാപ്രവര്‍ത്തനം സഫലമായത് സര്‍ക്കാരിനും വലിയ ആശ്വാസമായി. അഞ്ച് ദിവസത്തെ അതിജീവനത്തിന് ഒടുവില്‍ രാഹുല്‍ പുറത്തുകടന്നപ്പോള്‍ ഛത്തീസ്ഗഢ് ജനതയ്ക്ക് തന്നെ ആശ്വാസമായി. 'നമ്മുടെ കുട്ടി ധീരനാണ്' എന്നാണ് മുഖ്യമന്ത്രി ഭൂപേഷ് ബഘേല്‍ ട്വീറ്റു ചെയ്തത്.

ജാംജ്ഗീര്‍ ചമ്പ പിഹ്‌റിദ് ഗ്രാമത്തില്‍ വീടിനു പുറകിലെ ഉപയോഗശൂന്യമായ കുഴല്‍ക്കിണറിലാണ് മാനസികവെല്ലുവിളി നേരിടുന്ന രാഹുല്‍ കളിക്കുന്നതിനിടെ വീണത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ടോടെയായിരുന്നു സംഭവം. കുഴല്‍ക്കിണറിന് അകത്ത് നിന്ന് ഞരക്കവും ശബ്ദവും കേട്ടതോടെ രക്ഷിക്കാന്‍ വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് കുടുംബവും നാട്ടുകാരും രംഗത്തെത്തി. പിന്നാലെ സംസ്ഥാനസര്‍ക്കാര്‍ നേരിട്ട് ഇടപെട്ട് ദേശീയ ദുരന്തപ്രതികരണസേനയിലെയും (എന്‍ഡിആര്‍എഫ്) കരസേനയിലെയും മുന്നൂറിലേറെ അംഗങ്ങള്‍ അത്യാധുനിക ഉപകരണങ്ങളുപയോഗിച്ച് കുട്ടിയെ പുറത്തെത്തിക്കാന്‍ ശ്രമം തുടങ്ങി.

150 പോലീസുകാരും സംസ്ഥാന ദുരന്തപ്രതികരണസേനയും സഹായത്തിനെത്തി. റോബോട്ട് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇതിനായി ഗുജറാത്തില്‍നിന്ന് വിദഗ്ധരുടെ സംഘം തന്നെ ജാംജ്ഗീറിലെത്തി. കുഴലിലിറക്കിയ ക്യാമറയിലൂടെ കുട്ടിയുടെ ആരോഗ്യം തുടര്‍ച്ചയായി വിലയിരുത്തി. കുട്ടിക്ക് ലഘുപാനീയവും പഴവും പഴച്ചാറുമൊക്കെ നല്‍കി. പൈപ്പിട്ട് കുഴല്‍ക്കിണറിലേക്ക് ഓക്‌സിജന്‍ എത്തിക്കുകയും ചെയ്തുകൊണ്ടിരുന്നു.

കുഴല്‍ക്കിണറിന് സമാന്തരമായി 70 അടി താഴ്ചയില്‍ മറ്റൊരു കുഴല്‍ക്കിണര്‍ നിര്‍മിച്ചായിരുന്നു പ്രവര്‍ത്തനം. അതില്‍നിന്ന് കുട്ടിയുടെ അടുത്തേക്ക് 15 അടി നീളത്തില്‍ തുരങ്കമുണ്ടാക്കി. ഈ തുരങ്കത്തിലൂടെ രക്ഷപ്പെടുത്താനുള്ള കഠിനപരിശ്രമമാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ വിജയംകണ്ടത്. പ്രതിസന്ധിയില്‍ പതറാത്ത മനസ്സാണ് കുഴല്‍ക്കിണറിനുള്ളിലും മകന് തുണയായതെന്ന് അച്ഛന്‍ രാംകുമാര്‍ സാഹു പറഞ്ഞു.

Other News in this category



4malayalees Recommends