വിഴിഞ്ഞം മുക്കോലയില്‍ ബൈക്ക് റേസിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഫിറോസ് എന്നിവരാണ് അതിദാരുണമായി മരണപ്പെട്ടത്. ബൈക്ക് റേസ് പതിവായി നടക്കുന്ന സ്ഥലമാണ് വിഴിഞ്ഞം മുക്കോല പ്രദേശം.
റേസിനിടെ മത്സരിച്ച് മുന്നോട്ടുകുതിച്ച ബൈക്കുകള്‍ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം. കൂട്ടിയിടിയില്‍ ബൈക്കുകളുടെ മുന്‍വശം പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ രണ്ട് യുവാക്കളെയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിന് മുന്‍പ് മരണം സംഭവിക്കുകയായിരുന്നു.
മുക്കോല ബൈപാസിലെ റേസിങ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച രാവിലെ പൊലീസ് നടത്തിയ പരിശോധനയില്‍ അടുത്തിടെ നാല് ബൈക്കുകള്‍ പിടിച്ചെടുത്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍, അപകടകരമായ ബൈക്കോട്ടം നിയന്ത്രിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.