പണപ്പെരുപ്പത്തിനൊപ്പം ശമ്പള വര്‍ദ്ധനവോ? എന്‍എച്ച്എസ് ജീവനക്കാര്‍ ആ സ്വപ്‌നം കാണേണ്ടെന്ന് മുന്നറിയിപ്പ്; കൈയില്‍ കിട്ടുന്ന പണം കൂടിയാല്‍ പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ കഴിയില്ലെന്ന മുന്‍ധാരണയില്‍ ട്രഷറി

പണപ്പെരുപ്പത്തിനൊപ്പം ശമ്പള വര്‍ദ്ധനവോ? എന്‍എച്ച്എസ് ജീവനക്കാര്‍ ആ സ്വപ്‌നം കാണേണ്ടെന്ന് മുന്നറിയിപ്പ്; കൈയില്‍ കിട്ടുന്ന പണം കൂടിയാല്‍ പണപ്പെരുപ്പം പിടിച്ചുകെട്ടാന്‍ കഴിയില്ലെന്ന മുന്‍ധാരണയില്‍ ട്രഷറി

ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ബ്രിട്ടനില്‍ റെയില്‍ ജീവനക്കാരുടെ സമരം തുടങ്ങിക്കഴിഞ്ഞു. എന്നാല്‍ ഇതേ ആവശ്യത്തില്‍ സമരം നടത്തുന്ന കാര്യം ആലോചിക്കുകയാണ് വിവിധ വിഭാഗങ്ങളില്‍ പെട്ട യൂണിയനുകള്‍. ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും, റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗും, യുണീഷനുമെല്ലാം ഹെല്‍ത്ത് കെയര്‍ മേഖലയിലെ ജോലിക്കാര്‍ക്കായി ശബ്ദം ഉയര്‍ത്തിക്കഴിഞ്ഞു.


കോവിഡ് പ്രമാണിച്ച് 3% ശമ്പളവര്‍ദ്ധനവാണ് ആരോഗ്യ രംഗത്ത് കഴിഞ്ഞ വര്‍ഷം നല്‍കിയത്. ഇക്കുറിയും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടെന്നാണ് ട്രഷറി നല്‍കുന്ന സൂചന. പണപ്പെരുപ്പം നിയന്ത്രിച്ച് നിര്‍ത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പാടുപെടുമ്പോള്‍ ഇതിനെ അട്ടിമറിക്കുന്ന തരത്തില്‍ പബ്ലിക് സെക്ടര്‍ ജീവനക്കാരുടെ കൈകളിലേക്ക് അധികം പണമെത്തിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകില്ലെന്ന് പ്രധാനമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്.

പണപ്പെരുപ്പത്തിന് ആനുപാതികമായി ശമ്പള വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന ഉറപ്പിലാണ് ട്രഷറി മുന്നോട്ട് നീങ്ങുന്നത്. കഠിനാധ്വാനം ചെയ്യുന്ന പബ്ലിക് സെക്ടര്‍ മേഖലയിലെ ജോലിക്കാര്‍ക്ക് ശമ്പളവര്‍ദ്ധന നല്‍കണം. പക്ഷെ അത് കൃത്യതയോടെയും, സന്തുലിതവുമാകണം, പ്രധാനമന്ത്രി ക്യാബിനറ്റ് ചര്‍ച്ചയ്ക്ക് മുന്നോടിയായി പറഞ്ഞു.

പണപ്പെരുപ്പത്തിന്റെ ഒഴിയാബാധകളെ പിടിച്ചുകെട്ടുന്ന തരത്തില്‍ ശമ്പളം നിയന്ത്രിച്ച് നല്‍കാന്‍ ട്രഷറി ചീഫ് സെക്രട്ടറി സ്വകാര്യ മേഖലയോട് ആവശ്യപ്പെട്ടു. ഈ വര്‍ഷം പണപ്പെരുപ്പം 11 ശതമാനത്തില്‍ എത്തുമെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രവചനം. അതുകൊണ്ട് തന്നെ ഇതിന് ആനുപാതികമായ വര്‍ദ്ധന സ്വപ്‌നത്തില്‍ പോലും കാണേണ്ടതില്ലെന്നാണ് സൂചന.

അതേസമയം നഴ്‌സുമാര്‍ വര്‍ഷങ്ങളായി ശമ്പളം വെട്ടിക്കുറയ്ക്കല്‍ നേരിട്ട ഘട്ടത്തില്‍ 3% വര്‍ദ്ധന കൈയില്‍ കിട്ടുമ്പോള്‍ കട്ട് ചെയ്ത അവസ്ഥയിലാകുമെന്നാണ് മുന്നറിയിപ്പ്. യൂണിയനുകള്‍ ഇതിനെതിരെ സമരത്തിന് ഇറങ്ങുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും കാര്യമായ പ്രതികരണം ഉണ്ടാകില്ലെന്നാണ് സര്‍ക്കാരിന്റെ നിലപാട്.

Other News in this category



4malayalees Recommends