മകന്റെ കണ്മുന്നിലിട്ട് അമ്മയെ വെട്ടി കൊലപ്പെടുത്തി; ക്രൂരത രാവിലെ പല്ല് തേക്കാതെ കുഞ്ഞിന് ഉമ്മ നല്‍കേണ്ട എന്ന് പറഞ്ഞതിന് !!

മകന്റെ കണ്മുന്നിലിട്ട് അമ്മയെ വെട്ടി കൊലപ്പെടുത്തി; ക്രൂരത രാവിലെ പല്ല് തേക്കാതെ കുഞ്ഞിന് ഉമ്മ നല്‍കേണ്ട എന്ന് പറഞ്ഞതിന് !!
ഭാര്യയെ മകന്റെ കണ്മുന്നിലിട്ട് ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് മണ്ണാര്‍ക്കാട് കാരാകുറിശ്ശി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ 30കാരനായ അവിനാഷ് ആണ് 28കാരിയായ ഭാര്യ ദീപികയെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഇവരുടെ ഏകമകനാണ് ഐവിന്‍. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിയെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ 8.45ഓടെയായിരുന്നു അതിദാരുണമായ കൊലപാതകം നടന്നത്. രാവിലെ എഴുന്നേറ്റ അവിനാഷ് മകനെ ഉമ്മവെയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ പല്ല് തേക്കാതെ കുട്ടിയെ ഉമ്മവെയ്‌ക്കേണ്ടെന്ന് ഭാര്യ ദീപിക പറഞ്ഞു. ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിയതെന്ന് പോലീസ് പറയുന്നു.

ദീപികയുടെ കഴുത്തിലും കാലിലും കൈയിലുമാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ ദീപികയെ ഉടന്‍തന്നെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കോയമ്പത്തൂര്‍ സ്വദേശിയാണ് ദീപിക. വര്‍ഷങ്ങളായി ബംഗളൂരുവില്‍ താമസിച്ചിരുന്ന ദമ്പതിമാര്‍ രണ്ടുമാസം മുമ്പാണ് നാട്ടില്‍ താമസം തുടങ്ങിയത്.

അഗ്‌നിരക്ഷാസേനയുടെ കരാര്‍ ജോലികള്‍ ഏറ്റെടുത്ത് നടത്തിയിരുന്നയാളാണ് അവിനാഷ്. ഇയാള്‍ മാനസികപ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടിയിരുന്നതായും വിവരങ്ങളുണ്ട്. രക്തത്തില്‍ കുളിച്ചു കിടക്കുന്ന അമ്മയെ കെട്ടിപിടിച്ചു കരയുന്ന കുഞ്ഞിന്റെ ദൃശ്യം എല്ലാവരേയും വേദനയിലാഴ്ത്തി.

Other News in this category



4malayalees Recommends