ദൈവത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് കോടികളുടെ തട്ടിപ്പ്; പൂജാരിമാര്‍ ഒളിവില്‍

ദൈവത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് കോടികളുടെ തട്ടിപ്പ്; പൂജാരിമാര്‍ ഒളിവില്‍
കര്‍ണാടകയില്‍ ദൈവത്തിന്റെ പേരില്‍ വെബ്‌സൈറ്റ് നിര്‍മ്മിച്ച് തട്ടിപ്പ്. വിവിധ ക്ഷേത്രങ്ങളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റുകള്‍ നിര്‍മ്മിച്ച് നടത്തിയ തട്ടിപ്പില്‍ ഇരകളായത് 2000ത്തിലധികം വിശ്വാസികള്‍. എട്ട് വെബ്‌സൈറ്റില്‍ നിന്നായി ക്ഷേത്ര ചടങ്ങുകളുടെ പേരില്‍ പൂജാരിമാര്‍ തട്ടിയെടുത്തത് 20 കോടി രൂപയാണ്. കര്‍ണാടക കലബുര്‍ഗിയിലാണ് സംഭവം.

8 വ്യാജ വെബ്‌സൈറ്റുകളാണ് ക്ഷേത്രത്തിന്റെ പേരില്‍ ഉണ്ടാക്കിയത്. ദത്താത്രേയ ദേവലെ, ഗണഗാപുര്‍ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ടെമ്പിള്‍ തുടങ്ങിയ പേരുകളിലാണ് വെബ്‌സൈറ്റുകള്‍. കഴിഞ്ഞ നാല് വര്‍ഷമായി ഫീസ്, സംഭാവനകള്‍ തുടങ്ങിയ ഇനത്തില്‍ 20 കോടിയോളം രൂപ ഇവര്‍ സമാഹരിച്ചിട്ടുണ്ട്. തുക മുഴുവനായും ഈ പൂജാരിമാരുടെ സ്വകാര്യ അക്കൗണ്ടുകളിലേയ്ക്കാണ് പോയിരിക്കുന്നത്.

പല പൂജകള്‍ക്കും മറ്റുമായി 10,000 മുതല്‍ 50,000 വരെയാണ് ഈ വെബ്‌സൈറ്റ് വഴി ഭക്തരില്‍ നിന്നും ഈടാക്കിയിരുന്നത്. ദേവല്‍ ഘനാഗാപൂര്‍ ക്ഷേത്രത്തില്‍ ഓഡിറ്റ് നടന്നപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്. സര്‍ക്കാരിന്റെ കീഴില്‍ വരുന്നതാണ് ക്ഷേത്രം. പൊലീസ് കമ്മീഷണര്‍ ചെയര്‍മാനായുള്ള ക്ഷേത്രത്തില്‍, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടന്ന ഓഡിറ്റിലാണ് തട്ടിപ്പ് പുറത്തുവന്നത്.

ചെയര്‍മാന്‍ യശ്വന്ത് ഗുരുക്കര്‍ ഉത്തരവിട്ടത് അനുസരിച്ചാണ് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഏകദേശം 2,000 ഭക്തര്‍ വ്യാജ അക്കൗണ്ടുകള്‍ വഴി പണം അടച്ചിട്ടുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിക്കുന്നത്. റെസീപ്റ്റില്‍ തട്ടിപ്പുകാര്‍ തങ്ങളുടെ മൊബൈല്‍ നമ്പറും നല്‍കിയിരുന്നു.ക്ഷേത്ര ഭണ്ഡാരങ്ങളില്‍ നിന്നും ഇവര്‍ പണം മോഷ്ടിച്ചിരുന്നതായി സംശയമുണ്ട്.

സംശയത്തിന്റെ പേരില്‍ സിസിടിവി പരിശോധിച്ചപ്പോള്‍, ഭണ്ഡാരത്തിലെ പണം എണ്ണുന്ന ദിവസങ്ങളില്‍ ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ സിസിടിവി വേറെ ഇടങ്ങളിലേയ്ക്ക് തിരിച്ച് വെയ്ക്കുകയോ മൂടി ഇടുകയോ ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികളില്‍ നിന്ന് പണം തിരിച്ചു പിടിയ്ക്കാന്‍ കമ്മീഷ്ണര്‍ ഉത്തരവിട്ടിട്ടുണ്ടെന്ന്' പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു

Other News in this category



4malayalees Recommends