ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം, രാഹുല്‍ ഗാന്ധി അറസ്റ്റില്‍

ഡല്‍ഹിയില്‍ വന്‍ സംഘര്‍ഷം, രാഹുല്‍ ഗാന്ധി അറസ്റ്റില്‍
നാഷ്ണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് രാഷ്ട്രപതി ഭവന് മുന്നില്‍ കോണ്‍ഗ്രസ് എംപിമാര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. രാഹുല്‍ ഗാന്ധിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് ചൗക്കില്‍ നടന്ന പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുത്തിരുന്നു. മാര്‍ച്ച് തടഞ്ഞതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതേ തുടര്‍ന്നാണ് അറസ്റ്റ്.

നേരത്തെ എംപിമാരടക്കമുള്ള നേതാക്കളെ കസ്റ്റഡിയില്‍ എടുത്തിരുന്നു. രാഷ്ട്രപതിഭവന് മുന്നിലെ ബാരിക്കേഡ് മറികടന്നെത്തിയ നേതാക്കളെ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാരും പൊലീസുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് എംപിമാരെ കസ്റ്റിഡിയില്‍ എടുത്തത്. എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, രമ്യ ഹരിദാസ് അടക്കമുള്ളവരെ റോഡിലൂടെ വലിച്ചിഴച്ചു.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രണ്ടാം തവണയാണ് സോണിയഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത്. അഡീഷനല്‍ ഡയറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥരാണ് സോണിയയെ ചോദ്യം ചെയ്യുന്നത്. സോണിയയെ ഇ ഡി വേട്ടയാടുകയാണെന്ന് ആരോപിച്ച രാജ്യവ്യാപകമായി പ്രതിഷേധം അരങ്ങേറുകയാണ്. കേരളത്തില്‍ പാലക്കാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞു.

കോട്ടയത്ത് ജനശതാബ്ദി എക്‌സ്പ്രസും കണ്ണൂരില്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസുമാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്. തുടര്‍ന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ട്രെയിന്‍ പുറപ്പെട്ടത്. പാലക്കാട് ട്രെയിനിന് മുകളില്‍ കയറിയായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നെങ്കിലും ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് രണ്ട് മണിക്കുര്‍ ചോദ്യം ചെയ്തതിന് ശേഷം വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Other News in this category



4malayalees Recommends