കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം കനയ്യലാലിനെ പിന്തുണച്ചതിന്റെ പേരില്‍, കൊലപ്പെടുത്തിയത് കഴുത്ത് മുറിച്ചു തന്നെ ; ആരോപണവുമായി ബിജെപി

കര്‍ണാടകയിലെ യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം കനയ്യലാലിനെ പിന്തുണച്ചതിന്റെ പേരില്‍, കൊലപ്പെടുത്തിയത് കഴുത്ത് മുറിച്ചു തന്നെ ; ആരോപണവുമായി ബിജെപി
കര്‍ണാടകയിലെ സുള്ള്യ ബെല്ലാരെയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരയെ വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നില്‍ ആസൂത്രിതമെന്ന് ബി ജെ പി. കനയ്യ ലാലിനെ പിന്തുണച്ചതിന്റെ പേരിലാണ് കൊലപാതകം. കനയ്യ ലാലിനെ കൊലപ്പെടുത്തിയ പോലെ കഴുത്ത് മുറിച്ചാണ് പ്രവീണ്‍ നെട്ടാരെയെ കൊലപ്പെടുത്തിയതെന്നും ബിജെപി ആരോപിച്ചു.

പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് സംഭവത്തിന് പിന്നിലെന്നും ഇതേ കുറിച്ച് എന്‍ഐഎ അന്വേഷണം നടത്തണമെന്നും ബിജെപി ആവശ്യപ്പെട്ടു. കനയ്യ ലാലിനെ പിന്തുണച്ച് പ്രവീണ്‍ നെട്ടാര്‍ സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയിരുന്നു. അതേസമയം കേസില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കും. കര്‍ണാക പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കേരളത്തിലേക്കെത്തും. അന്വേഷണത്തില്‍ സഹകരണം ആവശ്യപ്പെട്ട് മംഗ്ലൂരു എസ്പി, കാസര്‍ഗോഡ് എസ്പിയുമായി സംസാരിച്ചു.

പ്രതികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് മംഗ്ലൂരു എസ്പി വ്യക്തമാക്കി. സഹായം ഉറപ്പ് നല്‍കണമെന്ന് കര്‍ണാടക ഡിജിപിയും കേരള ഡിജിപിയോട് ആവശ്യപ്പെട്ടു. പ്രതികളുടേത് എന്ന് സംശയിക്കുന്ന കേരള രജിസ്‌ട്രേഷന്‍ ബൈക്ക് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 15 പേരാണ് കേസില്‍ ഇതുവരെ കസ്റ്റഡിയിലായിട്ടുള്ളത്.

യുവാമോര്‍ച്ച നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്ന് പ്രദേശത്ത് സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ജാഗ്രത തുടരുകയാണ്. പ്രതികളെ പിടികൂടുന്നില്ലെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ നേതാക്കള്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.

Other News in this category



4malayalees Recommends