മാപ്പ് പറയില്ലെന്ന് എംപിമാര്‍; പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനെ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്ന പ്രതിപക്ഷ എംപിമാരുടെ രാപകല്‍ സമരം തുടരുന്നു

മാപ്പ് പറയില്ലെന്ന് എംപിമാര്‍; പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനെ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്ന പ്രതിപക്ഷ എംപിമാരുടെ രാപകല്‍ സമരം തുടരുന്നു
പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനെ സസ്‌പെന്‍ഷന്‍ നടപടി നേരിടേണ്ടി വന്ന പ്രതിപക്ഷ എംപിമാരുടെ രാപകല്‍ സമരം രണ്ടാം ദിവസവും തുടരുന്നു. മാപ്പു പറഞ്ഞാല്‍ എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചിരുന്നെങ്കിലും മാപ്പ് പറയില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

ലോകസഭയിലും രാജ്യസഭയിലുമായി 24 എംപിമാരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. വിലക്കയറ്റം, ജിഎസ്ടി തുടങ്ങിയ വിഷയങ്ങളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിന് 20 എംപിമാരെയാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. നടപടി നേരിടേണ്ടി വന്ന അംഗങ്ങള്‍ മാപ്പ് പറയാതെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ലെന്ന് രാജ്യസഭാധ്യക്ഷന്‍ എം വെങ്കയ്യ നായിഡു അറിയിച്ചിരുന്നു. ഒരാഴ്ചത്തേക്കാണ് സസ്‌പെന്‍ഷന്‍.

സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിഷേധിക്കില്ലെന്ന് എംപിമാര്‍ ഉറപ്പ് നല്‍കണമെന്നും വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംപിമാരായ ടി.എന്‍. പ്രതാപന്‍, രമ്യ ഹരിദാസ്, ജ്യോതി മണി, മാണിക്കം ടാഗോര്‍ എന്നിവരെയാണ് ലോകസ്ഭയില്‍ സസ്‌പെന്‍ഡ് ചെയ്തത്. അച്ചടക്കം പാലിക്കുമെന്ന് ഉറപ്പു നല്‍കിയാല്‍ ഇവരെ തിരിച്ചെടുക്കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്.

അതേസമയം വിലക്കയറ്റവും ജിഎസ്ടി നിരക്ക് മാറ്റവും ഉന്നയിച്ച് വി.കെ ശ്രീകണ്ഠന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. എംപിമാരുടെ സസ്‌പെന്‍ഷന്‍ ചൂണ്ടിക്കാട്ടി എളമരം കരീം രാജ്യസഭയിലും അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമഭേദഗതി ബില്‍ ലോക്‌സഭ പരിഗണിച്ചേക്കും.

Other News in this category



4malayalees Recommends