വിദ്യാര്‍ത്ഥികള്‍ കരയുകയും ഒച്ചവയ്ക്കുകയും വിറക്കുകയും ചെയ്തു ; ആശങ്ക പങ്കുവച്ച് പ്രധാന അധ്യാപിക ; മാസ്സ് ഹിസ്റ്റീരിയയെന്ന് ഡോക്ടര്‍മാര്‍

വിദ്യാര്‍ത്ഥികള്‍ കരയുകയും ഒച്ചവയ്ക്കുകയും വിറക്കുകയും ചെയ്തു ; ആശങ്ക പങ്കുവച്ച് പ്രധാന അധ്യാപിക ; മാസ്സ് ഹിസ്റ്റീരിയയെന്ന് ഡോക്ടര്‍മാര്‍
ബാഗേശ്വറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ ഒച്ചവെക്കുകയും നിലവിളിക്കുകയും തലയിട്ടിടിക്കുകയും ചെയ്ത സംഭവം സ്‌കൂള്‍ അധികൃതരെയും മാതാപിതാക്കളെയും ആശങ്കയിലാക്കിയിരിക്കുകയാണ്. കുട്ടികളുടെ അസ്വാഭാവിക പെരുമാറ്റത്തിന് പിന്നാലെ ജില്ലാ ഭരണകൂടവും ഡോക്ടര്‍മാരുടെ സംഘവും സ്‌കൂള്‍ സന്ദര്‍ശിച്ചു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കുട്ടികള്‍ക്കിടയില്‍ അസ്വാഭാവികമായ പെരുമാറ്റമുണ്ടായതെന്ന് സ്‌കൂളിലെ പ്രധാനാധ്യാപിക പറഞ്ഞു. 'കുറച്ച് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് ഇത്തരത്തില്‍ പെരുമാറിയത്. അവര്‍ കരയുകയും ഒച്ചവെക്കുകയും, വിറക്കുകയും ചെയ്യുകയായിരുന്നു. ഉടന്‍ തന്നെ ഞങ്ങള്‍ രക്ഷിതാക്കളെ വിളിച്ചു വിവരം അറിയിച്ചു. അവര്‍ പ്രദേശത്തെ ഒരു പുരോഹിതനുമായാണ് വന്നത്. ഇതേ സംഭവം വ്യാഴാഴ്ചയും ആവര്‍ത്തിക്കുകയായിരുന്നു', പ്രധാനാധ്യാപിക വിമല ദേവി പ്രതികരിച്ചു.

വകുപ്പുതല ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നപ്പോഴും വിദ്യാര്‍ത്ഥികളില്‍ സമാനമായ സ്വഭാവമാറ്റമുണ്ടായി. സ്‌കൂള്‍ കാമ്പസിനുള്ളില്‍ പൂജ നടത്തണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. സ്‌കൂളിന് നാശം സംഭവിക്കുമെന്ന് അവര്‍ പറയുന്നു. ഡോക്ടര്‍മാരുമായി സംസാരിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാനും, അല്ലെങ്കില്‍ വിശ്വാസപരമായ രീതിയില്‍ സഹായം തേടാനും തയ്യാറാണ്. എല്ലാം സാധാരണ നിലയിലാകാന്‍ ഞങ്ങള്‍ എന്തും ചെയ്യും', പ്രധാന അധ്യാപിക കൂട്ടിച്ചേര്‍ത്തു.

എന്താണ് വിദ്യാര്‍ത്ഥികളെ അസ്വസ്ഥമാക്കിയതെന്ന് വ്യക്തമായിട്ടില്ലെങ്കിലും 'മാസ്സ് ഹിസ്റ്റീരിയ' ആണ് കാരണമെന്ന് കരുതുന്നതായി സ്‌കൂള്‍ സന്ദര്‍ശിച്ച ഡോക്ടര്‍മാര്‍ പറയുന്നു. ഒരു കൂട്ടം ആളുകളെ ഒരേസമയം ബാധിക്കുന്ന മാനസിക വിഭ്രാന്തിയാണ് കണ്‍വേര്‍ഷന്‍ ഡിസോര്‍ഡര്‍ അല്ലെങ്കില്‍ മാസ്സ് ഹിസ്റ്റീരിയ എന്നറിയപ്പെടുന്നത്. ഇത്തരം കേസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചുറ്റും രൂപപ്പെടുന്ന സാമൂഹിക സംഭവവികാസങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ഉള്‍ഗ്രാമങ്ങളില്‍ വിശ്വാസ ചികിത്സ ഒരു സാധാരണ സംഭവമാണ്, ഇത് കുട്ടികളില്‍ സ്വാധീനമുണ്ടാക്കാമെന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.

Other News in this category



4malayalees Recommends