കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 20 മണിക്കൂര്‍ റെയ്ഡ്, പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചു

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; 20 മണിക്കൂര്‍ റെയ്ഡ്, പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ചു
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇ ഡിയുടെ റെയ്ഡ് അവസാനിച്ചു. പ്രതികളുടെ വീട്ടിലും കരുവന്നൂര്‍ സഹകരണ ബാങ്ക് ഹെഡ് ഓഫീസിലുമായി 20 മണിക്കൂറോളം നേരമാണ് റെയ്ഡ് നടന്നത്. ഇന്നലെ രാവിലെ എട്ടു മണിയോടെ ആരംഭിച്ച റെയ്ഡ് ഇന്ന് പുലര്‍ച്ചെ 3.30നാണ് അവസാനിച്ചത്.

75 പേരടങ്ങുന്ന അന്വേഷണ സംഘമാണ് വിവിധ സംഘങ്ങളായി തിരിഞ്ഞ് റെയ്ഡ് നടത്തിയത്. റബ്‌കോ ഏജന്റായിരുന്ന ബിജോയുടെ വീട്ടിലെ പരിശോധന ഇന്നലെ രാത്രി 10.30വരെ നീണ്ടുനിന്നു. പ്രതികളുടെ വീട്ടില്‍ നിന്ന് ആധാരം ഉള്‍പ്പടെയുള്ള രേഖകളുടെ പകര്‍പ്പ് ശേഖരിച്ചു. തട്ടിപ്പ് നടന്ന കാലയളവില്‍ ബാങ്കിലുണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളുടെ രേഖകളും അന്വേഷണ സംഘം പരിശോധിച്ചു.

ബാങ്ക് പ്രസിഡന്റ് ആയിരുന്ന കെ കെ ദിവാകരന്‍,സെക്രട്ടറി ആയിരുന്ന സുനില്‍ കുമാര്‍, മുന്‍ ശാഖ മാനേജര്‍ ബിജു കരീം എന്നിവരുടെ വീടുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തി. എല്ലാവരുടെയും വീട്ടില്‍ ഒരേ സമയമാണ് റെയ്ഡ് നടത്തിയത്.

ഇ.ഡി കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ റെയ്ഡ് നടക്കുന്നത്. അതേസമയം നിക്ഷേപകര്‍ക്ക് കേരളാ ബാങ്കില്‍ നിന്നടക്കം വായ്പ സ്വീകരിച്ച് തുക തിരിച്ചു നല്‍കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. മുന്‍ഗണനാക്രമം നിശ്ചയിക്കാന്‍ 12 ദിവസത്തെ സമയവും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റി.

Other News in this category



4malayalees Recommends