'രാഹുല്‍ഗാന്ധി തന്നെ അധ്യക്ഷനാകണം, അല്ലെങ്കില്‍ നിരാശ'; പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി

'രാഹുല്‍ഗാന്ധി തന്നെ അധ്യക്ഷനാകണം, അല്ലെങ്കില്‍ നിരാശ'; പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
രാഹുല്‍ ഗാന്ധി തന്നെ കോണ്‍ഗ്രസ് അധ്യക്ഷനാകണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമാണിത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മനസിലാക്കി രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുക്കണം. അദ്ദേഹം അധ്യക്ഷനായില്ലെങ്കില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നിരാശയായിരിക്കുമെന്നും പല പ്രവര്‍ത്തകരും വീട്ടിലിരിക്കാന്‍ അത് കാരണമാകുമെന്നും അശോക് ഗെലോട്ട് പറഞ്ഞു.

32 വര്‍ഷമായി ഗാന്ധി കുടുംബത്തില്‍ നിന്ന് ഒരാള്‍ പോലും പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയിട്ടില്ല. പിന്നെന്തിനാണ് മോദി ഗാന്ധി കുടുംബത്തെ ഭയപ്പെടുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും ഇന്ത്യയുടേയും ഡിഎന്‍എ ഒന്നുതന്നെയാണ്. എല്ലാവരേയും ചേര്‍ത്തുനിര്‍ത്തി ഒരുമിച്ച് കൊണ്ടുപോകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതുകൊണ്ടാണ് എല്ലാവരും കോണ്‍ഗ്രസിനെ ആക്രമിക്കുന്നതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി പറഞ്ഞു.

കഴിഞ്ഞ 75 വര്‍ഷമായി കോണ്‍ഗ്രസ് രാജ്യത്ത് ജനാധിപത്യം നിലനിര്‍ത്തി. അതിന്റെ ഫലമാണ് നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരിക്കുന്നതും അരവിന്ദ് കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കുന്നതും. ഇത് രാജ്യത്തിന് കോണ്‍ഗ്രസ് കൊടുത്ത സമ്മാനമാണെന്നും അശോക് ഗെലോട്ട് പറഞ്ഞു.

അടുത്ത മാസം 20നുള്ളില്‍ കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുമെന്നാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് കമ്മറ്റി തീരുമാനിച്ചിരുന്നത്. അതേസമയം അധ്യക്ഷനാകുന്നതിനെ കുറിച്ച് രാഹുല്‍ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല. അതിനാല്‍ അനിശ്ചിതത്വം തുടരുകയാണ്.

Other News in this category



4malayalees Recommends