സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചു വീണ സംഭവം; കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല ; രൂക്ഷ വിമര്‍ശനവുമായി പിതാവ്

സ്‌കൂള്‍ ബസില്‍ നിന്ന് വിദ്യാര്‍ത്ഥി തെറിച്ചു വീണ സംഭവം; കുട്ടിയെ ആശുപത്രിയിലെത്തിച്ചില്ല ; രൂക്ഷ വിമര്‍ശനവുമായി പിതാവ്
ആലുവ എടത്തലയില്‍ സ്‌കൂള്‍ ബസിന്റെ എമര്‍ജന്‍സി വാതിലിലൂടെ വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിച്ചുവീണ സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി കുട്ടിയുടെ പിതാവ് യൂസഫ്. ഇയാളുടെ മകള്‍ ഫൈസയാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ സ്‌കൂള്‍ അധികൃതര്‍ കൃത്യമായി ഇടപെട്ടില്ല. വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റോ ബസ് ജീവനക്കാരൊ തയ്യാറായില്ലെന്നും യൂസഫ് ആരോപിച്ചു. റോഡില്‍ വീണ കുട്ടിയെ വീട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. ഡോക്ടറെ കാണിച്ചപ്പോള്‍ പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് പറഞ്ഞത്. എന്നാലും ഇടക്കിടെ പുറം വേദന എടുക്കുന്നുവെന്ന് പറയുന്നതുകൊണ്ട് കുഞ്ഞിനെ വീണ്ടും ഡോക്ടറെ കാണിക്കാന്‍ കൊണ്ടു പോവുകയാണെന്ന് യൂസഫ് പറഞ്ഞു. വീണതിന് പിന്നാലെ മലമൂത്ര വിസര്‍ജനമടക്കം നടത്തിയ കുട്ടിയെ മറ്റ് കുട്ടികളെയെല്ലാം ഇറക്കിയതിന് ശേഷമാണ് വീട്ടിലെത്തിച്ചതെന്നും പിതാവ് ആരോപിച്ചു.

വീട്ടിലെത്തിയ കുട്ടി ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ കുട്ടിയുടെ ദേഹത്ത് ചതവുകളുണ്ടായിട്ടുണ്ട്. ഭയപ്പെട്ട കുട്ടിയെ ആശ്വസിപ്പിക്കാനും ബസ് ജീവനക്കാര്‍ തയ്യാറായില്ലെന്നും പിതാവ് ആരോപിച്ചു. സ്‌കൂള്‍ അധികൃതരുടെ നിരുത്തരവാദപരമായ പെരുമാറ്റം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും യൂസഫ് പറഞ്ഞു. വഴുങ്ങാട്ടുശ്ശേരിയിലെ അല്‍ ഹിന്ദ് സ്‌കൂളിന്റെ ബസില്‍ നിന്നാണ് കുട്ടി വീണത്. കുട്ടി പുറത്തേക്ക് വീണതോടെ നാട്ടുകാര്‍ ഇടപെട്ട് പിന്നാലെ വന്ന വാഹനം നിര്‍ത്തിച്ചു. ഇവര്‍ ഉടന്‍ തന്നെ കുട്ടിയെ എടുക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Other News in this category



4malayalees Recommends