യുവതിയെ തട്ടിക്കൊണ്ട് പോയി വിവാഹം കഴിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കഞ്ചാവ് കേസിലെ പ്രതിയായ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ആര്യനാട് തടത്തഴികത്ത് അനന്തു (23)യാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതി സ്വകാര്യ ആശുപത്രിയിലെ നഴ്സാണ്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
അനന്തുവും യുവതിയും തമ്മില്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ട് അടുപ്പത്തിലായി. ഇതിനിടെ അനന്തു കഞ്ചാവ് കേസിലെ പ്രതിയാണെന്ന് മനസ്സിലാക്കിയതോടെ യുവതി ബന്ധത്തില്‍ നിന്നു പിന്മാറി.
ഇത് മനസിലാക്കിയ അനന്തു കഴിഞ്ഞ ദിവസം യുവതി ജോലി ചെയ്യുന്ന ആശുപത്രിയിലെത്തി യുവതിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി. കല്ലമ്പലത്ത് എത്തിയതോടെ യുവതിയെ വിവാഹം കഴിക്കാനാണ് കൂട്ടിക്കൊണ്ട് പോകുന്നതെന്ന് പറഞ്ഞു. ഇതോടെ യുവതി ബഹളം വയ്ക്കുകയും വിവരം വീട്ടുകാരെ വിളിച്ചറിയിക്കുകയും ചെയ്തു.
അതില്‍ പ്രകോപിതനായ അനന്തു യുവതിയെ മര്‍ദിച്ച ശേഷം പാരിപ്പള്ളിയില്‍ എത്തിച്ച് റോഡ് വശം ഉപേക്ഷിച്ച് കടന്നു കളഞ്ഞു. തുടര്‍ന്ന് ബസില്‍ കൊട്ടിയത്ത് എത്തിയ യുവതിയെ വീട്ടുകാരെത്തി കൊണ്ടുപോവുകയായിരുന്നു.