ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് ഭാരത് ജോഡോ യാത്ര; മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകൂ '; പരിഹാസവുമായി എം സ്വരാജ്

ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ച് ഭാരത് ജോഡോ യാത്ര; മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകൂ '; പരിഹാസവുമായി എം സ്വരാജ്
രാഹുല്‍ ഗാന്ധി നേതൃത്വം വഹിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ഭാരത് ജോഡോ യാത്രയുടെ റൂട്ട് തയ്യാറാക്കിയിട്ടുള്ളത് ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചുകൊണ്ടാണെന്നും ഈ 'കണ്ടെയ്‌നര്‍ ജാഥ' ആര്‍ക്കെതിരെയാണെന്നും സ്വരാജ് ചോദിച്ചു.

സിപിഐഎം കേരളയുടെ ഫേസ്ബുക്ക് പേജില്‍ സംപ്രേക്ഷണം ചെയ്യുന്ന തുറന്നുകാട്ടപ്പെടുന്ന സത്യാനന്തരം എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയെ ഒരുമിപ്പിക്കുക, ബിജെപിയുടെ വര്‍ഗീയ ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ പോരാടുക എന്നീ ലക്ഷ്യങ്ങള്‍ക്കായാണ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര എന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

ജാഥ കടന്നുപോകുന്നത് 12 സംസ്ഥാനങ്ങളിലൂടെയാണ്. അതില്‍ ഏഴും ബിജെപിക്ക് വേരോട്ടമുള്ള സംസ്ഥാനങ്ങളല്ല. ബിജെപി ഇല്ലാത്ത സംസ്ഥാനങ്ങള്‍ തെരഞ്ഞുപിടിച്ചാണ് റൂട്ട് തയ്യാറാക്കിയിട്ടുള്ളത്.

രാഹുല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലൂടെയാണ്. കേരളത്തിലാകട്ടെ ബിജെപിക്ക് നിവര്‍ന്ന് നില്‍ക്കാന്‍ പോയിട്ട് നിരങ്ങിനീങ്ങാന്‍ പോലും സാധിച്ചിട്ടില്ല.

ഈ കണ്ടെയ്‌നര്‍ ജാഥ ആര്‍ക്കെതിരെയാണ്, ഒരു വിഭാഗം മലയാളം മാധ്യമങ്ങളുടെ കണ്ടെയ്‌നര്‍ വാഴ്ത്തിപ്പാട്ടുകള്‍ കണ്ടിട്ട് മിക്കവാറും ഈ കണ്ടെയ്‌നറുകള്‍ കോണ്‍ഗ്രസിനേയും കൊണ്ടേ പോകു എന്ന് തന്നെയാണ് തോന്നുന്നത്,'എന്നും എം സ്വരാജ് പറഞ്ഞു.

Other News in this category



4malayalees Recommends