18 ദിവസം കേരളത്തില്‍, യുപിയില്‍ വെറും രണ്ട് ദിവസം മാത്രം; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം

18 ദിവസം കേരളത്തില്‍, യുപിയില്‍ വെറും രണ്ട് ദിവസം മാത്രം; ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് സിപിഎം. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്നതിനെന്ന പേരില്‍ നടത്തുന്ന യാത്രയില്‍ 18 ദിവസം രാഹുല്‍ കേരളത്തിലൂടെയാണ് യാത്ര ചെയ്യുന്നതെന്നും യുപിയില്‍ വെറും രണ്ട് ദിവസം മാത്രമാണ് യാത്രയെന്നും സിപിഎം പരിഹസിച്ചു.

ട്വിറ്ററില്‍ രാഹുലിന്റെ കാരിക്കേച്ചര്‍ അടക്കമുള്ള പോസ്റ്റര്‍ പങ്കുവെച്ചാരുന്നു സിപിഎം പരിഹാസം. ബിജെപിയോടും ആര്‍എസ്എസിനോടും പോരാടുന്നതിനുള്ള വിചിത്ര വഴിയാണ് 'ഭാരത് ജോഡോ യാത്ര'യെന്നും സിപിഎം പോസ്റ്ററില്‍ പരിഹസിച്ചു.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം മണിയും രംഗത്തുവന്നു. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട രാഹുലിന് ഏതോ പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാണെന്നാണ് മണിയുടെ പരിഹാസം. ജോഡോ യാത്ര കടന്നു പോകുന്ന മാപ്പ് പങ്കുവെച്ചായിരുന്നു മണിയുടെ പരിഹാസം

'വെറുതെ തെറ്റിധരിക്കേണ്ട. കന്യാകുമാരിയില്‍ നിന്നും കാശ്മീര്‍ വരെ ജോഡോ യാത്ര പോകേണ്ട ജി യ്ക്ക് ഏതോ LKG പിള്ളേര് എളുപ്പവഴി കാണിച്ച് കൊടുത്തതാ. അല്ലാതെ BJP യെ പേടിച്ചിട്ടല്ല കേട്ടോ.' ജോഡോ യാത്ര കടന്നു പോകുന്ന മാപ്പിനൊപ്പം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കഴിഞ്ഞ ദിവസം കന്യാകുമാരിയില്‍ നിന്നാണ് ജോഡോ യാത്രയ്ക്ക് രാഹുല്‍ തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി യാത്ര കേരളത്തില്‍ പ്രവേശിച്ച് കഴിഞ്ഞു. ഇന്നലെ മുതല്‍ തിരുവനന്തപുരം ജില്ലയിലാണ് പര്യടനം നടക്കുന്നത്.



Other News in this category



4malayalees Recommends