'പപ്പാ ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ'; ജീവനൊടുക്കും മുമ്പ് അഭിരാമി; ജപ്തി നോട്ടീസ് പതിച്ച കേരളബാങ്കിനെതിരെ പ്രതിഷേധം

'പപ്പാ ഒരു തുണികൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ'; ജീവനൊടുക്കും മുമ്പ് അഭിരാമി; ജപ്തി നോട്ടീസ് പതിച്ച കേരളബാങ്കിനെതിരെ പ്രതിഷേധം
വീട്ടില്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരള ബാങ്കിനെതിരെ പ്രതിഷേധം. വിവിധ സംഘടനകള്‍ കേരള ബാങ്കിന്റെ പാതാരം ശാഖയിലേക്ക് ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. ജപ്തി നോട്ടീസ് പതിപ്പിച്ചതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

നാലുവര്‍ഷം മുന്‍പ് വീട് പണിക്കായി അഭിരാമിയുടെ അച്ഛന്‍ അജികുമാര്‍ കേരള ബാങ്കിന്റെ പാതാരം ശാഖയില്‍ നിന്നും പതിനൊന്നര ലക്ഷം രൂപ വായ്പ എടുത്തിരുന്നത്. കോവിഡ് കാലത്ത് അജിത്കുമാറിന്റെ ജോലി പോയി. അതോടെ തിരിച്ചടവ് മുടങ്ങിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്കാണ് പതാരത്തു നിന്നുള്ള ബാങ്ക് അധികൃതരും ജില്ലാതല അധികൃതരും പൊലീസുമായി എത്തി നോട്ടീസ് പതിച്ചത്. ഈ സമയം വീട്ടില്‍ പ്രായമായ ഒരാള്‍ മാത്രമാണുണ്ടായിരുന്നത്. അധികൃതര്‍ നടപടിക്കെത്തിയപ്പോള്‍ അജിയും ഭാര്യയും ബാങ്കിലെത്തി ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തിരുന്നു.

അടുത്തബന്ധുവിന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് തിരികെയെത്തിയപ്പോള്‍ ജപ്തി ബോര്‍ഡ് കണ്ട് അതീവ വിഷമത്തോടെയാണ് അഭിരാമി വീട്ടിനുള്ളിലേക്ക് കയറിയത്. ആ ബോര്‍ഡ് എടുത്തുമാറ്റാന്‍ അഭിരാമി അച്ഛന്‍ അജികുമാറിനോട് പറഞ്ഞു. സര്‍ക്കാര്‍ ബോര്‍ഡായതിനാല്‍ പ്രശ്‌നമായലോ എന്ന് അജികുമാര്‍ മറുപടി നല്‍കി.

എങ്കില്‍ ഒരു തുണി കൊണ്ട് ആ ബോര്‍ഡ് ഒന്നു മറയ്ക്കാമോ എന്നായി അഭിരാമിയുടെ ആവശ്യം. തുടര്‍ന്ന് ബാങ്കില്‍ പോയി പ്രശ്‌നം പരിഹരിക്കാമെന്ന് അഭിരാമിയെ പറഞ്ഞ് അച്ഛന്‍ അജികുമാര്‍ സമാധാനിപ്പിച്ചു.

അച്ഛനും അമ്മയും ബാങ്കില്‍ പോയതിനുപിന്നാലെ അഭിരാമി മുറിയില്‍ക്കയറി കതകടച്ചു. അപ്പൂപ്പന്‍ ശശിധരന്‍ ആചാരിയും അമ്മുമ്മ ശാന്തമ്മയും ആസമയത്ത് വീട്ടിലുണ്ടായിരുന്നത്. ജനല്‍ക്കമ്പിയില്‍ ചുരിദാര്‍ ഷാളില്‍ തൂങ്ങിനില്‍ക്കുന്ന അഭിരാമിയെയാണ് പിന്നീട് കണ്ടത്. അഭിരാമിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ജീവന്‍ നഷ്ടമായിരുന്നു.

പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ഉച്ചയോടെ അഭിരാമിയുടെ മൃതദേഹം സംസ്‌കരിക്കും. അതേസമയം സിംബോളിക് പൊസഷന്‍ എന്ന നടപടി മാത്രമാണ് നടന്നതെന്നാണ് ബാങ്ക് ജീവനക്കാരുടെ വിശദീകരണം. എന്നാല്‍ പെണ്‍കുട്ടിയുടെ മരണത്തില്‍ ബാങ്കിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്

Other News in this category



4malayalees Recommends