പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കി , ഫോണ്‍ ബ്ലോക്ക് ചെയ്തു ; കൊല്ലത്തെ 24 കാരിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുടുംബം

പത്തുലക്ഷം രൂപ ആവശ്യപ്പെട്ട് പ്രശ്‌നങ്ങളുണ്ടാക്കി , ഫോണ്‍ ബ്ലോക്ക് ചെയ്തു ; കൊല്ലത്തെ 24 കാരിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കുടുംബം
ഭര്‍ത്താവ് വിദേശത്തുനിന്നുവന്ന ദിവസം പള്ളിക്കല്‍ ഇളംപള്ളില്‍ വൈഷ്ണവത്തില്‍ ലക്ഷ്മി പിള്ളയെ(24) ഭര്‍തൃവീട്ടില്‍ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആരോപണങ്ങളുമായി യുവതിയുടെ കുടുംബം. ഭര്‍ത്താവ് ചടയമംഗലം സ്വദേശി കിഷോറിന്റെയും അമ്മയുടെയും ബന്ധുക്കളുടെയും മാനസികപീഡനമാണ് മരണത്തിന് കാരണമെന്ന് ലക്ഷ്മി പിള്ളയുടെ അമ്മ രമാദേവീ ആരോപിച്ചു.

ലക്ഷ്മിയുടെ സഹോദരി ആദിത്യയുടെ ബാങ്ക് അക്കൗണ്ടിലുള്ള 10 ലക്ഷം രൂപ എടുത്തു നല്‍കണമെന്ന് കിഷോര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേച്ചൊല്ലി കിഷോര്‍ പലതവണ മകളുമായി വഴക്കുണ്ടാക്കി. പണം നല്‍കാതെ വന്നപ്പോള്‍ മുതല്‍ മകളെ പലരീതിയിലും മാനസികമായി പീഡിപ്പിച്ചിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് മകളുടെ ഫോണ്‍ നമ്പര്‍ കിഷോര്‍ ബ്ലോക്ക് ചെയ്തിരുന്നതായും അവര്‍ ആരോപിച്ചു.

വിദേശത്തുനിന്ന് വന്ന 20ന് 12.45ന് കിഷോര്‍ ഫോണില്‍ വിളിച്ചു. ലക്ഷ്മി കതക് തുറക്കുന്നില്ലെന്നും ചടയമംഗലത്തെ വീട്ടില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. 2.30 ന് ചടയമംഗലത്തെ വീട്ടിലെത്തി. അപ്പോള്‍ കൊല്ലം, അഞ്ചല്‍ പ്രദേശങ്ങളിലുള്ള ഒട്ടേറെ ബന്ധുക്കള്‍ അവിടെയുണ്ടായിരുന്നു. മകളെ അന്വേഷിച്ചപ്പോള്‍ മുകള്‍നിലയിലെ മുറിയിലുണ്ടെന്നും കതക് തുറക്കുന്നില്ലെന്നും കിഷോര്‍ പറഞ്ഞു. മുറിയുടെ പുറത്തുനിന്ന് നോക്കിയപ്പോള്‍ മകളെ ആരൊക്കെയോ താങ്ങി കിടത്തുന്നതാണ് കണ്ടത്.' രമാദേവി പറയുന്നു.

മൂന്നുവര്‍ഷം മുമ്പാണ് ലക്ഷ്മി പിള്ളയുടെ അച്ഛന്‍ മോഹനന്‍ പിള്ള മരിച്ചത്. ഒരു വര്‍ഷം മുമ്പായിരുന്നു കിഷോറിന്റെയും ലക്ഷ്മി പിള്ളയുടേയും വിവാഹം. ലക്ഷ്മിയുടെ മരണം ആത്മഹത്യയാണെന്ന് പൊലീസ് വ്യക്തമാക്കി. അന്വേഷണം തുടങ്ങി.

Other News in this category



4malayalees Recommends