ദരിദ്രരായ കുടുംബാംഗങ്ങള്‍ക്ക് എന്നെ കാണാന്‍ കഴിയുന്നില്ല; ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ജിഷ കേസ് പ്രതി അമീറുള്‍ ഇസ്ലാം

ദരിദ്രരായ കുടുംബാംഗങ്ങള്‍ക്ക് എന്നെ കാണാന്‍ കഴിയുന്നില്ല; ആസാമിലെ ജയിലിലേക്ക് മാറ്റണമെന്ന് ജിഷ കേസ് പ്രതി അമീറുള്‍ ഇസ്ലാം
പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സുപ്രീംകോടതിയെ സമീപിച്ചു. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ആസാമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് അമീറുല്‍ ഇസ്ലാം സുപ്രീംകോടതിയില്‍ എത്തിയത്. ആസാമിലുള്ള അതിദരിദ്രരായ കുടുംബാംഗങ്ങള്‍ക്ക് തന്നെ കാണാന്‍ കേരളത്തിലേക്ക് എത്താന്‍ കഴിയുന്നില്ലെന്ന് അമീറുല്‍ ഹര്‍ജിയില്‍ പറയുന്നു.

കുടുംബാംഗങ്ങളെ കാണുക എന്ന തന്റെ മൗലികാവകാശം സംരക്ഷിക്കണെമെന്നും അമീറുള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടിസ്ഥാന മനുഷ്യാവകാശ പ്രശ്‌നമാണിതെന്നും ഹര്‍ജിയില്‍ പറയുന്നു. നേരത്തെ ഇതേ അവശ്യമുന്നയിച്ച് അമീറുള്‍ ഇസ്ലാം അസം ഗവര്‍ണറെയും സമീപിച്ചിരുന്നു. എന്നാല്‍ കേരളത്തിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയമാണെന്ന് അറിയിച്ച് ഗവര്‍ണര്‍ ഇടപെടാന്‍ വിസമ്മതം അറിയിച്ചിരുന്നു.

2016 ഏപ്രില്‍ 28നാണ് ജിഷയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ജൂലൈ മാസം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തുനിന്നാണ് അമീറുള്‍ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ പ്രതിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്. ഇതിനെതിരെയുള്ള പ്രതിയുടെ ഹര്‍ജി കേരള ഹൈകോടതിയുടെ പരിഗണനയിലാണ്.

Other News in this category



4malayalees Recommends