ആ തെറ്റിന് കൊടുക്കുന്നത് 'വലിയ വില'! ലിസ് ട്രസിനെ നേതാവായി തെരഞ്ഞെടുത്തത് തെറ്റായെന്ന് പകുതിയോളം കണ്‍സര്‍വേറ്റീവ് അണികള്‍; ശരിയായ തെരഞ്ഞെടുപ്പെന്ന് 9 ശതമാനം പേര്‍ മാത്രം; ലിസ് ട്രസിന് പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ 17 ദിനം കൂടി?

ആ തെറ്റിന് കൊടുക്കുന്നത് 'വലിയ വില'! ലിസ് ട്രസിനെ നേതാവായി തെരഞ്ഞെടുത്തത് തെറ്റായെന്ന് പകുതിയോളം കണ്‍സര്‍വേറ്റീവ് അണികള്‍; ശരിയായ തെരഞ്ഞെടുപ്പെന്ന് 9 ശതമാനം പേര്‍ മാത്രം; ലിസ് ട്രസിന് പ്രധാനമന്ത്രി പദത്തില്‍ പിടിച്ചുനില്‍ക്കാന്‍ 17 ദിനം കൂടി?

ഋഷി സുനാകിനെ തള്ളി ലിസ് ട്രസിനെ ടോറി നേതാവായി തെരഞ്ഞെടുത്ത നിമിഷത്തെ ടോറികള്‍ ഇപ്പോള്‍ പഴിക്കുകയാണ്. സത്യങ്ങള്‍ പറഞ്ഞ സുനാകിനെ തള്ളി മോഹനവാഗ്ദാനങ്ങള്‍ നല്‍കിയ ട്രസിനെ വിശ്വസിച്ചതിന് ബ്രിട്ടന്‍ കനത്ത വില കൊടുക്കേണ്ടി വന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് നേതൃപോരാട്ടത്തില്‍ തെറ്റായ തെരഞ്ഞെടുപ്പാണ് ഉണ്ടായതെന്ന് പകുതിയോളം കണ്‍സര്‍വേറ്റീവ് അണികള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്.


യൂഗോവ് പോളില്‍ പങ്കെടുത്ത 48 ശതമാനം പേരാണ് ലിസ് ട്രസിനെ നേതാവായി തെരഞ്ഞെടുത്തത് തെറ്റിയെന്ന് വ്യക്തമാക്കിയത്. 28 ശതമാനം ടോറി അണികള്‍ക്ക് മാത്രമാണ് ഇത് ശരിയായെന്ന വിശ്വാസമുള്ളതെന്ന് ടൈംസിന് വേണ്ടി നടത്തിയ സര്‍വ്വെ വ്യക്തമാക്കി.

സാധാരണ വോട്ടര്‍മാര്‍ക്കിടയില്‍ കേവലം 9 ശതമാനം ജനങ്ങള്‍ക്ക് മാത്രമാണ് കണ്‍സര്‍വേറ്റീവുകളെ തെരഞ്ഞെടുത്തത് ശരിയായെന്ന അഭിപ്രായമുള്ളത്. രാജ്യത്തെ മൂന്നില്‍ രണ്ട് ഭാഗവും, അതായത് 66 ശതമാനം പേരും പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് തെറ്റിയെന്ന് അഭിപ്രായം ഉന്നയിക്കുന്നു.

കഴിഞ്ഞ മാസം പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ലിസ് ട്രസിന് ഇനി കാര്യങ്ങള്‍ ശരിയാക്കാന്‍ 17 ദിവസം മാത്രമാണുള്ളതെന്നാണ് വിമത കണ്‍സര്‍വേറ്റീവ് എംപിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ചാന്‍സലര്‍ ക്വാസി ക്വാര്‍ട്ടെംഗ് ഒക്ടോബര്‍ 31ന് സാമ്പത്തിക പ്രസ്താവന നടത്തുമ്പോള്‍ സാമ്പത്തിക വിപണികള്‍ നേര്‍ദിശയിലേക്ക് എത്താത്ത പക്ഷം ട്രസിന് മറ്റൊരു നേതൃപോരാട്ടം നേരിടേണ്ടി വരുമെന്നാണ് ടോറി വിപ്പുമാര്‍ അറിയിച്ചിരിക്കുന്നത്.

ഋഷി സുനാകിനെയും, പെന്നി മോര്‍ഡന്റിനെയും പ്രധാനമന്ത്രി പദത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളായി വീണ്ടും ഇറക്കാന്‍ ടോറി സീനിയര്‍ നേതാക്കള്‍ ഒരുക്കം തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.
Other News in this category



4malayalees Recommends