ഇന്ത്യയോട് കളിക്കാന്‍ നിന്ന ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പുറത്ത്? ലിസ് ട്രസുമായി ഏറ്റുമുട്ടി സുവെല്ലാ ബ്രാവര്‍മാന്‍ 43-ാം ദിനം രാജിവെച്ചു; ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ അനിശ്ചിതാവസ്ഥയിലാക്കിയ ബ്രാവര്‍മാനെ തെറിപ്പിച്ചത് ഒരു ഇമെയില്‍!

ഇന്ത്യയോട് കളിക്കാന്‍ നിന്ന ഇന്ത്യന്‍ വംശജയായ ഹോം സെക്രട്ടറി പുറത്ത്? ലിസ് ട്രസുമായി ഏറ്റുമുട്ടി സുവെല്ലാ ബ്രാവര്‍മാന്‍ 43-ാം ദിനം രാജിവെച്ചു; ഇന്ത്യയുമായുള്ള വ്യാപാര കരാര്‍ അനിശ്ചിതാവസ്ഥയിലാക്കിയ ബ്രാവര്‍മാനെ തെറിപ്പിച്ചത് ഒരു ഇമെയില്‍!

ഒരു ഇമെയില്‍ മതി എത്ര കടുപ്പക്കാരിയായ ഹോം സെക്രട്ടറിയും നിലത്തുവീഴാന്‍. ഈ വാക്യം ബ്രിട്ടനിലെ ഓരോ ഹോം സെക്രട്ടറിയും ഇനി ഓര്‍മ്മിക്കും. ആഭ്യന്തര വകുപ്പിനെ നയിക്കാനെത്തി, കടുപ്പക്കാരിയായി പേരുനേടവെയാണ് സുവെല്ലാ ബ്രാവര്‍മാന് സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച് ഔദ്യോഗിക രേഖകള്‍ അയച്ച കുറ്റത്തിന് രാജിവെയ്‌ക്കേണ്ടി വന്നത്.


പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാന്‍ കഴിയാതെ പോയ ബ്രാവര്‍മാനെ പാര്‍ട്ടിയിലെ വലതുപക്ഷ പ്രീതി പരിഗണിച്ചാണ് സുപ്രധാന പദവി നല്‍കിയത്. ട്രസിനെതിരെ വിമര്‍ശനം ഉന്നയിച്ച ശേഷം മത്സരത്തില്‍ നിന്നും പുറത്തായതോടെ കാലുമാറിയതിന്റെ സമ്മാനം കൂടിയായിരുന്നു പദവി. എന്നാല്‍ ഇമിഗ്രേഷന്‍ നിയമങ്ങളുടെ പേരില്‍ പ്രധാനമന്ത്രിയുമായി പോരാടാനാണ് സുവെല്ലാ ബ്രാവര്‍മാന്‍ തീരുമാനിച്ചത്.

ഇമിഗ്രേഷനെ കുറിച്ച് നടത്താനിരിക്കുന്ന മന്ത്രിതല പ്രസ്താവന സ്വകാര്യ ഇമെയില്‍ ഉപയോഗിച്ച് അയച്ചുകൊടുത്തതാണ് ബ്രാവര്‍മാന്റെ സേവനത്തിന് കര്‍ട്ടന്‍ വീഴ്ത്തിയത്. ഹോം സെക്രട്ടറിയുമായി 90 മിനിറ്റ് നീണ്ട വാഗ്വാദത്തിനൊടുവിലാണ് ലിസ് ട്രസിന് ഇവര്‍ക്ക് പുറത്തേക്ക് വാതില്‍ തുറക്കേണ്ടി വന്നതെന്നാണ് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ മറക്കുന്നുവെന്നാണ് രാജിവെച്ച ബ്രാവര്‍മാന്റെ ആരോപണം.

വിസാ പോളിസിയുടെ പേരിലാണ് പ്രധാനമന്ത്രിയും, ബ്രാവര്‍മാനും ഏറ്റുമുട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ബോറിസ് ക്യാബിനറ്റില്‍ അറ്റോണി ജനറലായിരുന്ന ബ്രാവര്‍മാന് ലിസ് ട്രസ് പ്രൊമോഷന്‍ നല്‍കിയെങ്കിലും ഇമിഗ്രേഷന്‍ നിയമങ്ങള്‍ ഇവര്‍ക്കിടയിലെ കീറാമുട്ടിയായി. ഇന്ത്യക്കാരാണ് ഏറ്റവും കൂടുതല്‍ കാലം വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങുന്നതെന്ന് ബ്രാവര്‍മാന്‍ ആരോപിച്ചിരുന്നു.

ഇന്ത്യയുമായി വ്യാപാര കരാര്‍ നേടാന്‍ ശ്രമിക്കുന്ന ബ്രിട്ടന് ഇമിഗ്രേഷന്‍ നിയമങ്ങളില്‍ ഇതിനായി ഭേദഗതി വരുത്താനും താല്‍പര്യമുണ്ട്. എന്നാല്‍ ഇതിനെ എതിര്‍ത്ത ബ്രാവര്‍മാന്‍ ഇന്ത്യയുമായി വ്യാപാര കരാര്‍ നേടുന്നതിനെ അട്ടിമറിക്കുമെന്ന സാഹചര്യത്തിലാണ് സ്വയം കുഴി തോണ്ടിയത്.
Other News in this category



4malayalees Recommends