ഹോം ലോണ്‍ ഭാരം! പലിശ നിരക്കുകള്‍ 30 വര്‍ഷത്തിനിടെ ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുന്നു; പിടിച്ചുകെട്ടാന്‍ കഴിയാതെ പണപ്പെരുപ്പം മുന്നോട്ട്; മോര്‍ട്ട്‌ഗേജുകാര്‍ക്ക് തിരിച്ചടി സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 3.25 ശതമാനത്തിലേക്ക് ഉയര്‍ത്തും?

ഹോം ലോണ്‍ ഭാരം! പലിശ നിരക്കുകള്‍ 30 വര്‍ഷത്തിനിടെ ഉയര്‍ന്ന തലത്തിലേക്ക് നീങ്ങുന്നു; പിടിച്ചുകെട്ടാന്‍ കഴിയാതെ പണപ്പെരുപ്പം മുന്നോട്ട്; മോര്‍ട്ട്‌ഗേജുകാര്‍ക്ക് തിരിച്ചടി സമ്മാനിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസ് റേറ്റ് 3.25 ശതമാനത്തിലേക്ക് ഉയര്‍ത്തും?

പലിശ നിരക്കുകള്‍ അടുത്ത മാസം 30 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന റെക്കോര്‍ഡില്‍ എത്തിച്ചേരുമെന്ന് മുന്നറിയിപ്പ്. പണപ്പെരുപ്പം പിടികിട്ടാതെ മുന്നേറുന്ന സാഹചര്യത്തില്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് കൂടുതല്‍ നടപടികള്‍ക്ക് നിര്‍ബന്ധിതമാകും.


മോര്‍ട്ട്‌ഗേജുകാര്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ബേസ് റേറ്റ് 2.25 ശതമാനത്തില്‍ നിന്നും 3.25 ശതമാനത്തിലേക്ക് കുതിച്ചുചാടുമെന്നാണ് വിദഗ്ധരുടെ പ്രവചനം. നവംബര്‍ 3ന് മോണിറ്ററി പോളിസി കമ്മിറ്റി അടുത്ത യോഗം ചേരുമ്പോള്‍ 'വേദനിപ്പിക്കുന്ന' തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്.

ജീവിതച്ചെലവുകള്‍ മറ്റൊരു കൊടുമുടി കൂടി താണ്ടിക്കൊണ്ട് സെപ്റ്റംബറില്‍ 10.1 ശതമാനത്തില്‍ എത്തിയതാണ് അഭ്യൂഹങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. 40 വര്‍ഷത്തിനിടെ ഉയര്‍ന്ന നിരക്കാണിത്. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബങ്ങള്‍ ദുസ്സൂചന നല്‍കിക്കൊണ്ട് ഭക്ഷ്യവില പണപ്പെരുപ്പം 14.6 ശതമാനം വര്‍ദ്ധിച്ചു.

1980ന് ശേഷം ആദ്യമായാണ് ഈ വര്‍ദ്ധനവെന്ന് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് സ്ഥിരീകരിച്ചു. 2021 മധ്യത്തിന് ശേഷം പണപ്പെരുപ്പം ബാങ്കിന്റെ 2 ശതമാനം ലക്ഷ്യത്തിന്റെ ഏഴയലത്ത് പോലും വന്നിട്ടില്ല. ബ്രെഡ്, ധാന്യങ്ങള്‍, മാംസ ഉത്പന്നങ്ങള്‍, പാല്‍, ചീസ്, മുട്ട എന്നിവയിലാണ് ഏറ്റവും വലിയ വിലവര്‍ദ്ധന.

യുകെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമ്പോള്‍ ജനങ്ങള്‍ വ്യക്തിഗത ചെലവുകള്‍ ചുരുക്കണമെന്നാണ് ബെസ്റ്റിന്‍വെസ്റ്റ് അനലിസ്റ്റ് ആലിസ് ഹെയിന്റെ ഉപദേശം. ജോലിക്കാരുടെ വരുമാനം വന്‍തോതില്‍ ഇടിയുകയാണ്. ജീവിതച്ചെലവുകള്‍ ഉയരുന്നതാണ് ഇതിന് കാരണം. പണപ്പെരുപ്പം ഉയരുന്നത് തുടരുമ്പോള്‍ ശമ്പളം കൊണ്ട് വരും മാസങ്ങളില്‍ ജീവിതം എളുപ്പമാകില്ല, അവര്‍ വ്യക്തമാക്കി.

Other News in this category



4malayalees Recommends