ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍! ഋഷി സുനാകിനെ ഇക്കുറി തടുക്കാന്‍ പ്രധാനമന്ത്രി പ്രേമികള്‍ക്കും ധൈര്യം പോരാ; പണപ്പെരുപ്പവും, എനര്‍ജി ചെലവുകളും ഉയരുമ്പോള്‍ ഋഷി 'മാജിക്' കാണിക്കുമോ? ചാള്‍സ് രാജാവിനെ കണ്ടശേഷം അഭിസംബോധന

ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍! ഋഷി സുനാകിനെ ഇക്കുറി തടുക്കാന്‍ പ്രധാനമന്ത്രി പ്രേമികള്‍ക്കും ധൈര്യം പോരാ; പണപ്പെരുപ്പവും, എനര്‍ജി ചെലവുകളും ഉയരുമ്പോള്‍ ഋഷി 'മാജിക്' കാണിക്കുമോ? ചാള്‍സ് രാജാവിനെ കണ്ടശേഷം അഭിസംബോധന

ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനെ കണ്ടതിന് ശേഷം ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ഋഷി സുനാക് ഡൗണിംഗ് സ്ട്രീറ്റില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യും. ഉയരുന്ന പണപ്പെരുപ്പവും, എനര്‍ജി ബില്ലുകളും രാജ്യത്തെ ശ്വാസംമുട്ടിക്കുമ്പോഴാണ് ഇതിനെ എതിരിടാന്‍ ശേഷിയുള്ള ഒരു ക്യാബിനറ്റിനെ ഒരുക്കാനുള്ള ദൗത്യവും പുതിയ പ്രധാനമന്ത്രിയുടെ ചുമലിലാകുന്നത്.


ഋഷി സുനാക് ഒരു 'മാജിക്' പ്രയോഗിക്കുമെന്ന പ്രതീക്ഷയിലാണ് പൊതുജനം. കോവിഡ് കാലത്ത് ഋഷി സുനാക് മാജിക് ലക്ഷക്കണക്കിന് തൊഴിലുകള്‍ സംരക്ഷിക്കുകയും, ലക്ഷക്കണക്കിന് ബിസിനസ്സുകളെ തകര്‍ച്ചയിലേക്ക് വീഴാതെ കാക്കുകയും ചെയ്തിരുന്നു. സമാനമായ നിലയില്‍ പ്രതിസന്ധി നേരിടുന്ന സമ്പദ് വ്യവസ്ഥയെ രാഷ്ട്രീയ നിലപാടുകള്‍ക്ക് അപ്പുറത്ത് നിന്ന് രക്ഷിച്ചെടുക്കാന്‍ പുതിയ പ്രധാനമന്ത്രിക്ക് കഴിയട്ടെയെന്ന് പൊതുജനങ്ങള്‍ക്കൊപ്പം ഇപ്പോള്‍ ടോറി പാര്‍ട്ടിയും പ്രാര്‍ത്ഥിക്കുന്നു.

ടോറി നേതൃപോരാട്ടത്തിന് ആവശ്യമായ 100 നോമിനേഷനുകള്‍ നേടാന്‍ ഏക എതിരാളിയായ പെന്നി മോര്‍ഡന്റിന് സാധിക്കാതെ വന്നതോടെയാണ് ഋഷി സുനാക് ടോറി നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുകെ മഹത്തായ ഒരു രാജ്യമാണെന്നും, രാത്രിയും പകലും താന്‍ രാജ്യത്തിനായി ജോലി ചെയ്യുമെന്നും കണ്‍സര്‍വേറ്റീവ് ആസ്ഥാനത്തിന് പുറത്തുവെച്ച് ഋഷി വ്യക്തമാക്കി. എന്നാല്‍ ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങള്‍ അവശേഷിക്കുന്നതായി അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

രാവിലെ 9ന് പുറത്തുപോകുന്ന പ്രധാനമന്ത്രി ലിസ് ട്രസ് തന്റെ അവസാന ക്യാബിനറ്റ് യോഗം ചേരും. ഇതിന് ശേഷം നം.10ന് പുറത്ത് അവസാനത്തെ പ്രസംഗം നടത്തി ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് രാജാവിനോട് ഔദ്യോഗികമായി രാജിവെയ്ക്കുന്നതായി അറിയിക്കും. ഇതിന് ശേഷമാണ് സുനാകിനെ രാജാവ് പ്രധാനമന്ത്രിയായി അവരോധിക്കുക.

44 ദിവസത്തെ ആയുസ്സ് മാത്രമാണ് ലിസ് ട്രസിന് പ്രധാനമന്ത്രി പദത്തിലുണ്ടായിരുന്നത്. പാര്‍ലമെന്റില്‍ എംപിമാരോട് 10 മിനിറ്റ് സംസാരിച്ച ഋഷി സുനാകിന് ആഘോഷപൂര്‍വ്വമായ വരവേല്‍പ്പാണ് ലഭിച്ചത്. ഏഴാഴ്ച മുന്‍പ് തന്നെ പരാജയപ്പെടുത്തിയവര്‍ക്ക് മുന്നിലേക്കാണ് പ്രധാനമന്ത്രിയായി ഋഷിയുടെ തിരിച്ചുവരവ്. ഇപ്പോള്‍ ഋഷി സുനാകിന് പിന്നില്‍ ഒരുമിച്ചില്ലെങ്കില്‍ ടോറി പാര്‍ട്ടിയുടെ മരണം സുനിശ്ചിതമാണെന്ന് എല്ലാവര്‍ക്കും അറിയുകയും ചെയ്യാം.
Other News in this category



4malayalees Recommends