തനിക്ക് ആരാണ് വോട്ട് ചെയ്തത്? ഋഷി സുനാകിന്റെ പ്രധാനമന്ത്രി പദവിയില്‍ അനിഷ്ടം വിളമ്പി ബ്രിട്ടീഷ് മാധ്യമങ്ങള്‍; ഐക്യമില്ലെങ്കില്‍ മരണമെന്ന ഋഷിയുടെ മുന്നറിയിപ്പ് ഏറ്റു; ജനാധിപത്യത്തിന്റെ മരണമെന്ന് വരെ എഴുതി മാധ്യമങ്ങള്‍

തനിക്ക് ആരാണ് വോട്ട് ചെയ്തത്? ഋഷി സുനാകിന്റെ പ്രധാനമന്ത്രി പദവിയില്‍ അനിഷ്ടം വിളമ്പി ബ്രിട്ടീഷ് മാധ്യമങ്ങള്‍; ഐക്യമില്ലെങ്കില്‍ മരണമെന്ന ഋഷിയുടെ മുന്നറിയിപ്പ് ഏറ്റു; ജനാധിപത്യത്തിന്റെ മരണമെന്ന് വരെ എഴുതി മാധ്യമങ്ങള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കസേരയില്‍ ഒരു ഇന്ത്യന്‍ വംശജന്‍. വെള്ളക്കാരന്റെ മനഃസ്ഥിതി ഇപ്പോഴും വെച്ചുപുലര്‍ത്തുന്ന ചിലരെ സംബന്ധിച്ച് ഇത് സ്വപ്‌നം പോലും കാണാന്‍ ആഗ്രഹിക്കാത്ത സംഭവമാണ്. മുന്‍ മത്സരങ്ങളില്‍ ഋഷി സുനാകിന്റെ കുറ്റവും, കുറവും മാത്രം കണ്ട ഈ മാധ്യമങ്ങള്‍ക്ക് ഇക്കുറി സുനാകിന്റെ മുന്നേറ്റം തടയാനും കഴിഞ്ഞില്ല.


ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ചരിത്രപരമായ ഏടില്‍ അതുകൊണ്ട് തന്നെ നിശിതമായി വിമര്‍ശിക്കാനാണ് ഒരുകൂട്ടം മാധ്യമങ്ങള്‍ തയ്യാറായത്. 'നമ്മുടെ പുതിയ (തെരഞ്ഞെടുക്കപ്പെടാത്ത) പ്രധാനമന്ത്രി എന്നാണ് മിറര്‍ പത്രം പരിഹാസത്തോടൊപ്പം ചേര്‍ത്ത വിമര്‍ശനത്തിനായി മുന്‍പേജില്‍ തലക്കെട്ട് നല്‍കിയത്. ഇതോടെ 'ആരാണ് തനിക്ക് വോട്ട് ചെയ്തത്' ? എന്നൊരു ചോദ്യവും മിറര്‍ ഉന്നയിക്കുന്നു.

രാജാവിനേക്കാള്‍ ഇരട്ടി ധനാഢ്യനായ സുനാക് ഇനി പൊതുജനങ്ങള്‍ക്കുള്ള ചെലവുകള്‍ വെട്ടിക്കുറയ്ക്കുന്നതിന് നേതൃത്വം നല്‍കുമെന്നും മിറര്‍ കുറ്റപ്പെടുത്തുന്നു. ലേബര്‍ നേതാവ് ആഞ്ചെല റെയ്‌നറുടെ 'ഇപ്പോള്‍ ഒരു തെരഞ്ഞെടുപ്പ് വേണമെന്ന' പ്രഖ്യാപനവും പത്രം നല്‍കിയിട്ടുണ്ട്.

ഒരുപടി കൂടി കടന്നാണ് സ്‌കോട്ട്‌ലണ്ടിലെ ഡെയ്‌ലി റെക്കോര്‍ഡ് വിമര്‍ശനം ഉന്നയിച്ചത്. 'ജനാധിപത്യത്തിന്റെ മരണം' എന്നാണ് സുനാകിന്റെ എതിരില്ലാത്ത ജയത്തെ കുറിച്ച് പത്രം തലക്കെട്ട് കുറിച്ചത്. 'അദ്ദേഹത്തിന്റെ സ്വന്തം പാര്‍ട്ടി ഏതാനും ആഴ്ച മുന്‍പാണ് ഇദ്ദേഹത്തെ തള്ളിയത്. ഇപ്പോള്‍ 100 എംപിമാരുടെ പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി ഋഷി സുനാക് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകുന്നു', ഡെയ്‌ലി റെക്കോര്‍ഡ് വിമര്‍ശനം ഉന്നയിച്ചു.

ഐക്യത്തോടെ നിന്നില്ലെങ്കില്‍ മരണം ഉറപ്പെന്ന സുനാകിന്റെ മുന്നറിയിപ്പാണ് ഗാര്‍ഡിയന്‍ തലക്കെട്ടായി നല്‍കിയത്. കടുത്ത സുനാക് വിരുദ്ധത വിളമ്പിയിരുന്ന ഡെയ്‌ലി മെയിലും, സണ്ണും ഇപ്പോള്‍ ശബ്ദം മയപ്പെടുത്തിയിട്ടുണ്ട്. 'നമ്മുടെ യുവ മോഡേണ്‍ പ്രധാനമന്ത്രി, ആദ്യ ഏഷ്യന്‍ വംശജനും' എന്നാണ് മെയില്‍ എഴുതിയത്. ഒപ്പം ഇത് ബ്രിട്ടന്റെ പുതിയ ഉദയവും, ടോറി പാര്‍ട്ടിയുടെ തിരിച്ചുവരവിന്റെ ആരംഭവുമാണെന്ന് പത്രം പറയുന്നു.

'ശക്തി നിങ്ങള്‍ക്കൊപ്പമാണ് ഋഷി', ഇതാണ് സണ്‍ തലക്കെട്ട്. സ്റ്റാര്‍ വാര്‍സ് ചിത്രങ്ങളുടെ ആരാധകനായ ഋഷിയില്‍ ടോറി എംപിമാര്‍ പുതിയ പ്രതീക്ഷ അര്‍പ്പിക്കുകയാണ്, ഒരു വോട്ട് പോലും രേഖപ്പെടുത്താതെയാണ് വിജയമെന്നും സണ്‍ കൂട്ടിച്ചേര്‍ത്തു.
Other News in this category



4malayalees Recommends