'യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല'; കുഫോസ് വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി

'യുജിസി ചട്ടങ്ങള്‍ പാലിച്ചില്ല'; കുഫോസ് വിസിയുടെ നിയമനം ഹൈക്കോടതി റദ്ദാക്കി; സര്‍ക്കാര്‍ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി
കേരള ഫിഷറീസ് സര്‍വകലാശാല വിസി നിയമനം യുജിസി ചട്ടപ്രകാരം അല്ലാത്തതിനാല്‍ ഹൈക്കോടതി റദ്ദാക്കി. ഡോ. കെ.റിജി ജോണിന്റെ നിയമനമാണ് ഹൈക്കോടതി റദ്ദാക്കിയത്. യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് നിയമനമെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി നിയമനം റദ്ദാക്കിയത്.

സാങ്കേതിക സര്‍വകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വിസിമാരില്‍ ഒരാളാണ് റിജി ജോണ്‍. സെര്‍ച്ച് കമ്മിറ്റി ഏകകണ്ഠമായി ഒരു പേരായാണ് റിജി ജോണിനെ നിര്‍ദേശിച്ചത് സര്‍വകലാശാല നിയമത്തിന് വിരുദ്ധമാണെന്നും അക്കാദമിക യോഗ്യതയില്ലാത്തവരാണ് സെര്‍ച്ച് കമ്മിറ്റിയിലുണ്ടായിരുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. ഇത് ഹൈക്കോടതി ശരിവച്ചു.

കടവന്ത്ര സ്വദേശിയായ ഡോ. കെ.കെ. വിജയന്‍ അടക്കം നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതിയുടെ സുപ്രധാന വിധി. 2021 ജനുവരി 23നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാലയില്‍ വിസിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്. കുഫോസ് വിസി നിയമനത്തില്‍ ഡിവിഷന്‍ ബഞ്ചിന്റെ വിധി കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ച മറ്റ് വിസിമാരുടെ കാര്യത്തിലും ബാധകമാകും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് കേരള ഫിഷറീസ് സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയത്.

Other News in this category



4malayalees Recommends