കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോക്‌സോ കേസ് ഇരയടക്കം 9 പെണ്‍കുട്ടികളെ കാണാതായി

കോട്ടയത്ത് ഷെല്‍ട്ടര്‍ ഹോമില്‍ നിന്ന് പോക്‌സോ കേസ് ഇരയടക്കം 9 പെണ്‍കുട്ടികളെ കാണാതായി
കോട്ടയം മാങ്ങാനത്ത് ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 9 പെണ്‍കുട്ടികളെ കാണാതായി. മഹിളാസമഖ്യ എന്ന സ്വകാര്യ എന്‍ജിഒ നടത്തുന്ന ഷെല്‍ട്ടര്‍ ഹോമില്‍നിന്നാണ് പോക്‌സോ കേസ് ഇരകളടക്കമുള്ള പെണ്‍കുട്ടികളെ ഇന്നു രാവിലെ കാണാതായത്. ശിശുക്ഷേമ സമിതിയുടെ അംഗീകാരത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്.

വെളുപ്പിനെ 5.30 ന് കുട്ടികളെ അധികൃതര്‍ വിളിച്ചുണര്‍ത്താന്‍ പോയ സമയത്താണ് കാണാനില്ലെന്ന് മനസിലായത്. ഉടന്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. വിവിധ കേസുകളില്‍പെട്ടാണ് 9 പേരും ഷെല്‍ട്ടര്‍ ഹോമിലെത്തിയത്.

ശിശുദിനം കൂടി ആയതുകൊണ്ട് ഒട്ടേറെ പരിപാടികള്‍ അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ രാത്രി വൈകിയും അവിടെ ചില മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. കുട്ടികളടക്കം ഈ മുന്നൊരുക്കങ്ങളുടെ ഭാഗമായി അവിടെ ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ രാത്രിയിലാണോ ഇവര്‍ പോയത് എന്നുള്ള വിവരം അറിയേണ്ടതുണ്ട്. എന്നാല്‍, രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്‍ക്കുമ്പോഴും ഒക്കെ ഇവരുടെ എണ്ണം എടുക്കുന്നതാണ്. കിടക്കുമ്പോള്‍ ഇവരെല്ലാവരും ഉണ്ടായിരുന്നു എന്നാണ് വിവരം. നിലവില്‍ 50ലധികം കുട്ടികളാണ് ഇവിടെ താമസിക്കുന്നത്.

വലിയ മതില്‍ക്കെട്ടുള്ള ഒരു സ്ഥലം കൂടിയാണ് അഭയകേന്ദ്രം. അതുകൊണ്ടു തന്നെ മതില്‍ ചാടി ഇവര്‍ക്ക് പോകാന്‍ കഴിയുമോ എന്നുള്ളത് സംശയകരമാണ്.

Other News in this category



4malayalees Recommends