ആഞ്ഞടിച്ച് പക്ഷിപ്പനി; ക്രിസ്മസിന് ടര്‍ക്കി ക്ഷാമം രൂപപ്പെടുമെന്ന് ആശങ്ക; പക്ഷിപ്പനി പടര്‍ന്നുപിടിച്ചതോടെ പകുതിയോളം സ്‌റ്റോക്ക് അപ്രത്യക്ഷം; ഈ വര്‍ഷം ആഘോഷങ്ങള്‍ക്ക് കുടുംബങ്ങളുടെ മെനു മാറ്റേണ്ടി വരും

ആഞ്ഞടിച്ച് പക്ഷിപ്പനി; ക്രിസ്മസിന് ടര്‍ക്കി ക്ഷാമം രൂപപ്പെടുമെന്ന് ആശങ്ക; പക്ഷിപ്പനി പടര്‍ന്നുപിടിച്ചതോടെ പകുതിയോളം സ്‌റ്റോക്ക് അപ്രത്യക്ഷം; ഈ വര്‍ഷം ആഘോഷങ്ങള്‍ക്ക് കുടുംബങ്ങളുടെ മെനു മാറ്റേണ്ടി വരും

ബ്രിട്ടീഷുകാരുടെ ക്രിസ്മസ് ആഘോഷങ്ങളില്‍ പ്രധാന വിഭവമാണ് ടര്‍ക്കി മാംസം. എന്നാല്‍ ഇക്കുറി ആഘോഷ സീസണ്‍ അരികിലെത്തുമ്പോള്‍ മെനുവില്‍ പ്രിയപ്പെട്ട വിഭവത്തിന് പകരക്കാരെ കണ്ടെത്തേണ്ടി വരുമെന്നതാണ് അവസ്ഥ. പക്ഷിപ്പനി ആശങ്ക ഉയര്‍ത്തുന്ന വിധത്തില്‍ പടര്‍ന്നുപിടിച്ചതോടെ ക്രിസ്മസിന് ടര്‍ക്കി ക്ഷാമം രൂക്ഷമാകുമെന്നാണ് വ്യക്തമാകുന്നത്.


ടര്‍ക്കി സ്‌റ്റോക്കില്‍ പകുതിയോളം പക്ഷികളും പക്ഷിപ്പനി മൂലം ചാകുകയോ, കൊല്ലുകയോ ചെയ്യേണ്ടി വന്നിട്ടുള്ളതായി മേഖലയിലെ വ്യവസായികള്‍ വ്യക്തമാക്കി. ഇതുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ദുരന്തം വിതച്ച പക്ഷിപ്പനി ബാധയാണ് ഇക്കുറി ഉണ്ടായിട്ടുള്ളതെന്ന് ഇവര്‍ എംപിമാരോട് പറഞ്ഞു.

അതിനാല്‍ ഈ ആഘോഷ സീസണില്‍ ഷെല്‍ഫുകള്‍ നിറയ്ക്കാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ സംശയവും അറിയിച്ചിട്ടുണ്ട്. ചില കര്‍ഷകര്‍ക്ക് ആയിരക്കണക്കിന് ടര്‍ക്കികളെയും, ഗീസ്, താറാവുകള്‍ എന്നിവയെ നഷ്ടപ്പെട്ട് ഫാം കാലിയായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കുള്ളിലാണ് ഈ കനത്ത നഷ്ടം.

പോളണ്ട് പോലുള്ള രാജ്യങ്ങളില്‍ നിന്നും ടര്‍ക്കികളെ ഇറക്കുമതി ചെയ്യാന്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ തയ്യാറാകുമെങ്കിലും ഇവയുടെ വില ഇരട്ടിയായി വര്‍ദ്ധിക്കും. പക്ഷിപ്പനി കര്‍ഷകരില്‍ വരുത്തിവെച്ച പ്രത്യാഘാതം അന്വേഷിക്കുന്ന കോമണ്‍സ് ഫുഡ് & ഫാമിംഗ് കമ്മിറ്റി മുന്‍പാകെയാണ് പ്രതിസന്ധിയുടെ ആഴം വ്യക്തമായത്.

ഇംഗ്ലണ്ടില്‍ എല്ലാവിധ പക്ഷികളെയും രോഗത്തില്‍ നിന്നും രക്ഷിക്കാനായി അകത്തളങ്ങളില്‍ പാര്‍പ്പിക്കണമെന്ന് ഗവണ്‍മെന്റ് ഉത്തരവിട്ടിരുന്നു. ക്രിസ്മസിനായി യുകെയില്‍ ഓരോ സീസണിലും 8.5 മില്ല്യണ്‍ മുതല്‍ ഒന്‍പത് മില്ല്യണ്‍ വരെ ടര്‍ക്കികളെ സൂക്ഷിക്കാറുണ്ടെന്ന്് ബ്രിട്ടീഷ് പൗള്‍ട്രി കൗണ്‍സില്‍ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഗ്രിഫിത്സ് പറഞ്ഞു. എന്നാല്‍ ഇതില്‍ ക്രിസ്മസിന് എടുക്കുന്ന പക്ഷികളില്‍ ഒരു മില്ല്യണിലേറെയാണ് പക്ഷിപ്പനി മൂലം ഇല്ലാതായത്.
Other News in this category



4malayalees Recommends