ബക്കിംഗ്ഹാം കൊട്ടാരത്തില്‍ രാജ്ഞിയുടെ അനുമതിയില്ലാതെ സസെക്സ് ഡ്യൂക്കും, ഡച്ചസും സ്വകാര്യ ഫോട്ടോഗ്രാഫറെ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. രാജ്ഞി ജീവിച്ചിരിക്കുമ്പോഴാണ് കൊട്ടാരത്തിലേക്ക് അനുമതി പോലും ചോദിക്കാതെ ഹാരി രാജകുമാരനും, മെഗാനും സ്വന്തം ഫോട്ടോഗ്രാഫറെ എത്തിച്ചതെന്നാണ് ആരോപണം.
നെറ്റ്ഫ്ളിക്സില്‍ ദമ്പതികളെ കുറിച്ച് പ്രത്യക്ഷപ്പെടുന്ന പുതിയ ഡോക്യുമെന്ററിയുടെ ട്രെയിലര്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ആ ആശങ്ക അന്തപ്പുര സഹായികള്‍ ഉന്നയിക്കുന്നത്. കൊട്ടാരത്തിലെ സസെക്സ് ദമ്പതികളുടെ വസതിയായ ഫ്രോഗ്മോര് കോട്ടേജില്‍ വെച്ച് പകര്‍ത്തിയിട്ടുള്ള ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളും ഇതില്‍ ഇടംപിടിച്ചിരുന്നു.
ബക്കിംഗ്ഹാം കൊട്ടാരത്തിന് ഉള്ളില്‍ നിന്നും ഗാര്ഡണിലേക്ക് കൈപിടിച്ച് നടന്നുപോകുന്ന ചിത്രവും ഒരു മിനിറ്റ് ട്രെയിലറില്‍ ഉണ്ടെന്നാണ് കരുതുന്നത്. രാജ്ഞിയുടെ വീട്ടില്‍ ചിത്രങ്ങളോ, ദൃശ്യങ്ങളോ പകര്‍ത്താന്‍ അനുമതി വേണമെന്നാണ് പ്രോട്ടോകോള്‍ അനുശാസിക്കുന്നത്. കൊട്ടാര സഹായികള്‍ ഈ ചിത്രത്തിനെതിരെ രംഗത്ത് വന്നതായാണ് ടെലിഗ്രാഫ് റിപ്പോര്‍ട്ട്.
775 മുറികളുള്ള രാജകീയ വസതിയില്‍ ചിത്രീകരണത്തിന് ദമ്പതികള്‍ അനുവാദം വാങ്ങിയില്ലെന്ന് ആരോപിച്ച് ഇതേക്കുറിച്ച് പരാതി എഴുതി നല്‍കിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സസെക്സ് ദമ്പതികള്‍ക്ക് ഇതേക്കുറിച്ച് നേരിട്ട് മുന്നറിയിപ്പ് നല്‍കിയില്ലെന്നും, ഫോട്ടോഗ്രാഫറോട് സ്ഥലംവിടാന്‍ ആവശ്യപ്പെട്ടില്ലെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.
2020 മാര്‍ച്ചില്‍ ദമ്പതികള്‍ യുകെയിലെ താമസം അവസാനിപ്പിച്ച് മടങ്ങവെ പകര്‍ത്തിയ ചിത്രങ്ങളാണ് ഇതെന്നാണ് വിശ്വസിക്കുന്നത്. യുഎസിലേക്ക് തിരിക്കുന്നതിന് മുന്‍പ് വിപുലമായ പൊതുപരിപാടികളില്‍ ഇവര്‍ സജീവമായിരുന്നു. അതേസമയം നെറ്റ്ഫ്ളിക്സില്‍ ഉള്‍പ്പെടുത്തിയ ചിത്രം ഏത് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയതാണെന്ന് വ്യക്തമായിട്ടില്ല.