ടോറികളുടെ നെഞ്ചുതകര്‍ക്കുന്ന സര്‍വ്വെ! പൊതുതെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ 482 സീറ്റ് നേടി ലേബര്‍ വമ്പന്‍ വിജയം കരസ്ഥമാക്കും; ടോറികള്‍ 69 എംപിമാരില്‍ ഒതുങ്ങും; പ്രധാനമന്ത്രി സുനാകിന് പോലും സീറ്റ് നഷ്ടമാകും; കണ്‍സര്‍വേറ്റീവുകള്‍ ക്ലച്ച് പിടിക്കുമോ?

ടോറികളുടെ നെഞ്ചുതകര്‍ക്കുന്ന സര്‍വ്വെ! പൊതുതെരഞ്ഞെടുപ്പ് ഇപ്പോള്‍ നടന്നാല്‍ 482 സീറ്റ് നേടി ലേബര്‍ വമ്പന്‍ വിജയം കരസ്ഥമാക്കും; ടോറികള്‍ 69 എംപിമാരില്‍ ഒതുങ്ങും; പ്രധാനമന്ത്രി സുനാകിന് പോലും സീറ്റ് നഷ്ടമാകും; കണ്‍സര്‍വേറ്റീവുകള്‍ ക്ലച്ച് പിടിക്കുമോ?

ബ്രിട്ടനില്‍ ഇപ്പോള്‍ പൊതുതെരഞ്ഞെടുപ്പ് നടത്തിയാല്‍ ലേബര്‍ പാര്‍ട്ടി അട്ടിമറി വിജയം നേടുമെന്ന് സര്‍വ്വെ. ഹൗസ് ഓഫ് കോമണ്‍സിലേക്ക് 314 സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ലേബറിന് വിജയിച്ച് കയറാന്‍ കഴിയുമെന്നാണ് ഞെട്ടിക്കുന്ന സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്.


സീറ്റുകളുടെ എണ്ണത്തില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി ഏകപക്ഷീയ വിജയം കരസ്ഥമാക്കുമെന്നാണ് പുതിയ പ്രവചനം. 482 സീറ്റുകള്‍ ലേബര്‍ പിടിച്ചെടുക്കുമ്പോള്‍ കണ്‍സര്‍വേറ്റീവ് പക്ഷത്ത് കേവലം 69 എംപിമാരാണ് അവശേഷിക്കുകയെന്നാണ് കണ്ടെത്തല്‍.

ഈ പ്രവചനം സത്യമായാല്‍ നിലവിലെ ലേബര്‍ എംപിമാരുടെ എണ്ണം ഇരട്ടിയായി വര്‍ദ്ധിക്കുകയും, ടോറികള്‍ 1997-ല്‍ നേടിയ നാണംകെട്ട തോല്‍വിയേക്കാള്‍ മോശം പരാജയം ഏറ്റുവാങ്ങുകയും ചെയ്യും. നോര്‍ത്തേണ്‍ ഇംഗ്ലണ്ടില്‍ കണ്‍സര്‍വേറ്റീവുകള്‍ തുടച്ചുനീക്കപ്പെടുമെന്നാണ് പോളിംഗ് സ്ഥാപനത്തിന്റെ മോഡലിംഗ് കണക്കാക്കുന്നത്.

ലണ്ടനിലും, സൗത്ത് വെസ്റ്റിലും വന്‍തോതില്‍ സീറ്റുകള്‍ നഷ്ടമാകും. പ്രധാനമന്ത്രി ഋഷി സുനാകിനും ഈ കുത്തൊഴുക്കില്‍ യോര്‍ക്ക്ഷയറിലെ റിച്ച്മണ്ട് മണ്ഡലത്തില്‍ നിന്നും പരാജയം നേരിടുമെന്നാണ് പ്രവചനം. 1910 മുതല്‍ ടോറികളെ വിജയിപ്പിക്കുന്ന മണ്ഡലമാണിത്.

2019 പൊതുതെരഞ്ഞെടുപ്പില്‍ ടോറികള്‍ 80 സീറ്റ് ഭൂരിപക്ഷത്തില്‍ ജയിച്ചതിന്റെ മൂന്നാം വാര്‍ഷികത്തിലാണ് ഈ ഞെട്ടിക്കുന്ന മുന്നറിയിപ്പ്. മാര്‍ക്കറ്റ് റിസേര്‍ച്ച് കമ്പനി സാവന്റയാണ് സര്‍വ്വെ പുറത്തുവിട്ടത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും സ്ഥിതി ഏറെ വ്യത്യസ്തമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അതേസമയം ഡെല്‍റ്റാപോള്‍ നടത്തിയ മറ്റൊരു സര്‍വ്വെയില്‍ ലേബര്‍ ലീഡ് 13 ശതമാനം പോയിന്റ് വെട്ടിക്കുറയ്ക്കാന്‍ ടോറികള്‍ വിജയിച്ചതായി വ്യക്തമാക്കി. ടോറികള്‍ 32 ശതമാനത്തിലേക്ക് കയറിവന്നപ്പോള്‍ ലേബര്‍ പിന്തുണ 45 ശതമാനത്തിലാണ്. എന്നാല്‍ ലേബര്‍ പാര്‍ട്ടി വിജയിക്കുന്നത് സ്വപ്‌നം കാണാന്‍ സമയമായിട്ടില്ലെന്ന് മുന്‍ ലേബര്‍ ഷാഡോ ചാന്‍സലര്‍ എഡ് ബോള്‍സ് കീര്‍ സ്റ്റാര്‍മര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
Other News in this category



4malayalees Recommends