സത്യങ്ങള്‍ തുറന്നെഴുതിയാല്‍ ചിലര്‍ കൈയടിക്കും, പക്ഷെ മറ്റൊരു വിഭാഗത്തിന് ഇവ വേദനയാകും സമ്മാനിക്കുക. അതുവരെ ആരും അറിയില്ലെന്ന് കരുതി സമാധാനിച്ച വിഷയങ്ങള്‍ പൊതുജനങ്ങള്‍ക്ക് മുന്നില്‍ വിളമ്പുമ്പോള്‍ നാണക്കേട് താങ്ങാന്‍ കഴിയാതെ ചില കടുപ്പമേറിയ തീരുമാനങ്ങളും വരും. ഹാരിയുടെ പുസ്തകം പുറത്തുവന്നതോടെ കൊട്ടാരത്തില്‍ അത്തരമൊരു തീരുമാനം വന്നുകഴിഞ്ഞു.
ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ ഹാരി രാജകുമാരനെ ക്ഷണിക്കാനുള്ള പദ്ധതി സ്വപ്നമായി മാറിക്കഴിഞ്ഞെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. സസെക്സ് ഡ്യൂക്കിന്റെ മറയില്ലാത്ത പുസ്തകത്തിലെ വിവരങ്ങള്‍ വില്ല്യം രാജകുമാരനെ രോഷത്തില്‍ എരിയിക്കുന്നതായാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തിയത്.
സഹോദരനെയും, പിതാവിനെയും സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്പെയര്‍ എന്നുപേരിട്ട പുസ്തകത്തില്‍ ഹാരി കുറിച്ചത്. വെയില്‍സ് രാജകുമാരന് തന്റെ മുഖ്യശത്രുവാണെന്നും, മെഗാന്റെ ഹോളിവുഡ് താരപദവി തന്നെ ചെറുതാക്കുമെന്ന് രാജാവ് ഭയക്കുന്നതായും ഹാരി കുറ്റപ്പെടുത്തിയിരുന്നു.
രാജകുടുംബം ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ഹാരിയുടെ സത്യം പറച്ചിലുകളുടെ വെളിച്ചത്തില്‍ മേയില്‍ അരങ്ങേറുന്ന ചാള്‍സ് രാജാവിന്റെ കിരീടധാരണത്തില്‍ നിന്നും രാജകുമാരനെ പരിപാടികളില്‍ നിന്നും ഒഴിവാക്കുമെന്നാണ് സണ്‍ഡേ ടൈംസ് റിപ്പോര്‍ട്ട്.
വിവാദങ്ങള്‍ക്കിടെ ഹാരി പൊതുമുഖത്ത് പ്രത്യക്ഷപ്പെടുന്നത് തുടരുകയാണ്. ഐടിവിയുടെ അഭിമുഖത്തിലാണ് രാജകുമാരന് സംസാരിക്കാന്‍ എത്തിയത്. ഹാരി രാജകുമാരന് ചടങ്ങുകളിലും, സര്‍വ്വീസുകളിലും സ്ഥാനമുണ്ടാകില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിട്ടുള്ളത്.
വില്ല്യം രാജകുമാരന് തിരിച്ചടിക്കില്ലെന്ന് സുഹൃത്തുക്കള്‍ വാദിക്കുന്നതിനിടെയാണ് പിന്‍വാതില്‍ വഴി ഹാരിയ്ക്ക് മറുപടി നല്‍കുക.