ബ്രിട്ടനില്‍ ഭവനങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത; 2025 വരെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ച ബില്‍ ലോര്‍ഡ്‌സിലും പാസായതോടെ നിയമമായി മാറും; മോര്‍ട്ട്‌ഗേജുകളിലെ പലിശ നിരക്കുകള്‍ കുതിച്ചുയരുന്നത് ഇടപാടുകള്‍ ബുദ്ധിമുട്ടാക്കി

ബ്രിട്ടനില്‍ ഭവനങ്ങള്‍ വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസ വാര്‍ത്ത; 2025 വരെ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിക്കുറച്ച ബില്‍ ലോര്‍ഡ്‌സിലും പാസായതോടെ നിയമമായി മാറും; മോര്‍ട്ട്‌ഗേജുകളിലെ പലിശ നിരക്കുകള്‍ കുതിച്ചുയരുന്നത് ഇടപാടുകള്‍ ബുദ്ധിമുട്ടാക്കി

സ്റ്റാമ്പ് ഡ്യൂട്ടി 2025 വരെ വെട്ടിക്കുറച്ച ബില്ലിന് ഹൗസ് ഓഫ് ലോര്‍ഡ്‌സ് അംഗീകാരം. ഇതോടെ രാജകീയ അംഗീകാരത്തിന് അയച്ച ബില്‍ നിയമമായി മാറുമെന്ന് ഉറപ്പായി. വീടുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസകരമായ വാര്‍ത്തയായി ഇത് മാറുന്നുണ്ട്.


ഹൗസിംഗ് വിപണിക്ക് പിന്തുണ നല്‍കാനും, വീട് വാങ്ങുന്നവര്‍ക്ക് ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടുള്ള സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്‌സ് (ടെമ്പററി റിലീഫ്) ബില്ലാണ് ഹൗസ് ഓഫ് ലോര്‍ഡ്‌സ് പാസാക്കിയത്. പലിശ നിരക്കുകള്‍ ഉയര്‍ന്നതോടെ മോര്‍ട്ട്‌ഗേജുകള്‍ ചെലവേറിയതായി മാറിയ ഘട്ടത്തില്‍ വീട് വാങ്ങലും, വില്‍പ്പനയും ബുദ്ധിമുട്ടേറിയ പരിപാടിയായി മാറിയിരുന്നു.

ബില്‍ നിയമമായി മാറുന്നതോടെ എല്ലാ വാങ്ങലുകളിലെയും സ്റ്റാമ്പ് ഡ്യൂട്ടി ലാന്‍ഡ് ടാക്‌സ് പരിധി 125,000 പൗണ്ടില്‍ നിന്നും 250,000 പൗണ്ടായി ഉയരും. ആദ്യമായി വീട് വാങ്ങുന്നവരുടെ റേറ്റ് പരിധി 300,000 പൗണ്ടില്‍ നിന്നും 425,000 പൗണ്ടായും വര്‍ദ്ധിപ്പിക്കാനും ബില്‍ സഹായിക്കും.

സ്റ്റാമ്പ് ഡ്യൂട്ടിയില്‍ ലാഭിക്കുന്ന ഈ തുക വഴി ഡെപ്പോസിറ്റ് വര്‍ദ്ധിപ്പിക്കാനും, പ്രോപ്പര്‍ട്ടി വിപണിയിലെ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും സഹായകമാകും. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള മാക്‌സിമം പര്‍ച്ചേസ് വാല്യൂ 500,000 പൗണ്ടില്‍ നിന്നും 625,000 പൗണ്ടായി വര്‍ദ്ധിപ്പിക്കാനും ബില്‍ അനുവദിക്കുന്നു.

2025 മാര്‍ച്ച് 31 വരെയാണ് മൂന്ന് നടപടികളും നിലവിലുണ്ടാകുക. ആദ്യമായി വീട് വാങ്ങുന്നവര്‍ക്കുള്ള ആശ്വാസം നിലവിലെ വിപണി വിലകള്‍ താങ്ങാന്‍ കഴിയാത്ത സാഹചര്യത്തില്‍ മാറ്റമുണ്ടാക്കുമെന്ന് ട്രഷറി മന്ത്രി ബരോണസ് പെന്‍ പറഞ്ഞു.

Other News in this category



4malayalees Recommends