ചാള്‍സ് രാജാവിന്റെ കിരീടധാരണത്തിന് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ പുതിയ പുസ്തകം വരുന്നു. ഇക്കുറി ആന്‍ഡ്രൂ രാജകുമാരന് എതിരെ ലൈംഗിക പീഡന ആരോപണം ഉന്നയിച്ച വിര്‍ജിനിയ റോബര്‍ട്സാണ് ഓര്‍മ്മക്കുറിപ്പുകള്‍ പുറത്തിറക്കുന്നത്. ചരിത്രപരമായ ചടങ്ങ് നടക്കുന്നതിന് ഏതാനും ആഴ്ച മുന്‍പ് പുസ്തകം പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്.
യുഎസ് നിയമങ്ങള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത സമയത്ത് യോര്‍ക്ക് ഡ്യൂക്ക് തന്നെ ലൈംഗികമായി ചൂഷണം ചെയ്തെന്നാണ് വിര്‍ജിനിയ ആരോപിച്ചിരുന്നത്. ഇപ്പോള്‍ ഒരു പുസ്തകം പുറത്തിറക്കാന്‍ മില്ല്യണുകള്‍ മൂല്യമുള്ള കരാറില്‍ ഒപ്പുവെച്ചതായാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നത്.
ലൈംഗിക പീഡനക്കേസ് ആന്‍ഡ്രൂ മില്ല്യണുകള്‍ ഇറക്കിയാണ് ഒത്തുതീര്‍പ്പാക്കിയത്. സിവില്‍ ലൈംഗിക പീഡന ആരോപണത്തില്‍ നടപ്പാക്കിയ ഒത്തുതീര്‍പ്പ് നിബന്ധന മാര്‍ച്ചില്‍ അവസാനിക്കും. ഇതോടെയാണ് വിര്‍ജിനിയ ഓര്‍മ്മക്കുറിപ്പുകള്‍ തയ്യാറാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
രാജാവിന്റെ കിരീടധാരണത്തേക്കാള്‍ ഇതിന് പറ്റിയ മറ്റൊരു സമയമില്ലെന്നാണ് പ്രസാധകരുമായി അടുപ്പമുള്ള ശ്രോതസ്സുകള്‍ മിററിനോട് പറഞ്ഞിരിക്കുന്നത്. ചാള്‍സിന്റെ കിരീടധാരണത്തിന് ഏതാനും ആഴ്ചകള്‍ മുന്‍പായിരിക്കും പുസ്തകം പുറത്തുവരിക.
തന്റെ സല്‍പ്പേര് വീണ്ടെടുക്കാന്‍ സാധിക്കുമെന്ന് ആന്‍ഡ്രൂ സുഹൃത്തുക്കളോട് പറഞ്ഞതായി ഡെയ്ലി മെയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.