കൊട്ടാരം വെടിപ്പാക്കാന്‍ തുനിഞ്ഞിറങ്ങിയ ചാള്‍സ് രാജാവ് സഹോദരന്‍ ആന്‍ഡ്രൂ രാജകുമാരനെ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്നും പൂര്‍ണ്ണമായി ചവിട്ടിപ്പുറത്താക്കി. കൊട്ടാരത്തില്‍ തന്റെ പ്രിയപ്പെട്ട ടെഡി ബിയറുകള്‍ക്കൊപ്പം ഉറങ്ങുന്ന ശീലം ഇനി ആന്‍ഡ്രൂവിന് അവസാനിപ്പിക്കാം. ഈ അപ്പാര്‍ട്ട്‌മെന്റുകള്‍ മേലില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കില്ലെന്ന് അറിയിച്ചുകഴിഞ്ഞു അധികൃതര്‍.
ലൈംഗിക പീഡനക്കേസില്‍ പെട്ടതോടെ കൊട്ടാരത്തിലെ ഓഫീസ് യോര്‍ക്ക് ഡ്യൂക്കിന് പൂട്ടേണ്ടിവന്നിരുന്നു. ഇനി അവിടെ അന്തിയുറങ്ങാനും കഴിയില്ലെന്നതാണ് വസ്തുത. രാജകുമാരന്റെ വിലയേറിയ വസ്തുക്കള്‍ പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് പുറത്തിറക്കിയത്. ചാള്‍സ് രാജാവായതോടെ ഇവ ഇനി തിരിച്ചെത്തുകയുമില്ല.
ലണ്ടനില്‍ അന്തിയുറങ്ങാന്‍ മറ്റ് സ്ഥലങ്ങള്‍ കണ്ടെത്താനാണ് ആന്‍ഡ്രൂവിന് നിര്‍ദ്ദേശം നല്‍കിയത്. തൊട്ടടുത്തുള്ള സെന്റ് ജെയിംസ് കൊട്ടാരമാകും ഇതോടെ പുതിയ കേന്ദ്രം. വിര്‍ജിനിയ റോബര്‍ട്‌സിന്റെ ലൈംഗിക പീഡന കേസ് 12 മില്ല്യണ്‍ പൗണ്ട് നല്‍കി ഒത്തുതീര്‍പ്പാക്കിയതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ഈ ചവിട്ട്!
അന്തരിച്ച മഹാറാണിയുടെ പിന്‍ഗാമിയായി ചാള്‍സ് രാജസിംഹാസനത്തില്‍ ഇരുന്ന ശേഷം ലഭിക്കുന്ന പുതിയ തിരിച്ചടിയാണിത്. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ ആന്‍ഡ്രൂവിന് സ്ഥാനമില്ലെന്ന് രാജാവ് വ്യക്തമാക്കിയിട്ടുള്ളതായി ശ്രോതസ്സുകള്‍ പറയുന്നു.